കളമശ്ശേരി സ്ഫോടനം; പ്രതി ഡൊമിനിക് മാർട്ടിൻ റിമാൻഡിൽ

At Malayalam
1 Min Read

കളമശ്ശേരി സ്ഫോടന കേസിലെ പ്രതി ഡൊമിനിക്ക് മാർട്ടിൻ റിമാൻഡിൽ. കേസ് അതീവ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി അടുത്ത മാസം 29 വരെ പ്രതിയെ റിമാന്‍ഡില്‍ വിട്ടു. ഇയാളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും. പോലീസ് കസ്‌റ്റഡി ആവശ്യപ്പെടാത്ത സാഹചര്യത്തിലാണ് പ്രതിയെ കോടതി റിമാൻഡിൽ വിട്ടത്.

കേസില്‍ അഭിഭാഷകന്റെ സേവനം വേണ്ടെന്ന് പ്രതി ഡൊമിനിക്ക് മാർട്ടിന്‍ കോടതിയില്‍ അറിയിച്ചു. കേസ് സ്വയം കേസ് വാദിക്കാമെന്നാണ് പ്രതി കോടതിയെ അറിയിച്ചത്. പോലീസിനെതിരെ പരാതിയില്ലെന്നും പ്രതി കോടതിയെ അറിയിച്ചു.തെളിവെടുപ്പിന് ശേഷമാണ് പ്രതി ഡൊമിനിക്ക് മാർട്ടിനെ പോലീസ് കോടതിയില്‍ ഹാജരാക്കിയത്. ബോംബ് നിർമിച്ചത് മാർട്ടിൻ തനിച്ചാണെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്.

പ്രതി അതീവ ബുദ്ധിശാലിയാണെന്ന് പോലീസ് പറഞ്ഞു. അത്താണിയിലെ വീട്ടിൽ വെച്ചാണ് ബോംബ് ഉണ്ടാക്കിയതെന്നാണ് പ്രതിയുടെ മൊഴി. എന്തൊക്കെയാണെന്ന് ഇയാൾ തന്നെ പറഞ്ഞ സാഹചര്യത്തിൽ തെളിവുകളുമായി വച്ച് അത് ഒത്തുപോകുന്നുണ്ടോ എന്നതാണ് പോലീസ് പരിശോധിക്കുന്നത്. ഐഇഡി നിർമിച്ചതിന്റെ അവശിഷ്‌ടങ്ങൾ പ്രതിയുടെ വീട്ടിൽ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

പെട്രോൾ സൂക്ഷിച്ച കുപ്പിയും പോലീസ് കണ്ടെടുത്തു.അതേസമയം, കളമശ്ശേരി സ്‌ഫോടനത്തില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ സെക്കന്‍ഡറിതല ചികിത്സ, മാനസിക പിന്തുണ ഉറപ്പാക്കല്‍, നിലവിലെ സ്ഥിതി എന്നിവ അവലോകനം ചെയ്യുന്നതിനായി ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്നു. ആകെ 53 പേരാണ് ചികിത്സ തേടിയെത്തിയത്. 21 പേരാണ് വിവിധ ആശുപത്രികളില്‍ നിലവില്‍ ചികിത്സയിലുള്ളത്. അതില്‍ 16 പേർ ഐസിയുവിലാണ്.കളമശ്ശേരി മെഡിക്കല്‍ കോളേജ് 3, രാജഗിരി 4, എറണാകുളം മെഡിക്കല്‍ സെന്റര്‍ 4, സണ്‍റൈസ് ആശുപത്രി 2, ആസ്‌റ്റര്‍ മെഡിസിറ്റി 2, കോട്ടയം മെഡിക്കല്‍ കോളേജ് 1 എന്നിങ്ങനെയാണ് ഐസിയുവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം. സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലുള്ള 3 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. അവര്‍ക്ക് പരമാവധി ചികിത്സ നല്‍കാനുള്ള ശ്രമമാണ് നടക്കുന്നത്.

- Advertisement -
Share This Article
Leave a comment