വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഉദ്യോഗസ്ഥർക്ക് നൽകി വരുന്ന പരിശീലനം സംബന്ധിച്ച് വ്യാപകമായി പ്രചരിക്കുന്ന വ്യാജ ശബ്ദസന്ദേശത്തെക്കുറിച്ച് സൈബർ പൊലീസിനു പരാതി നൽകിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ : രത്തൻ യു കേൽക്കർ അറിയിച്ചു.
ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്ക് നേരിട്ടുള്ള പരിശീലന പരിപാടികൾ ഇല്ലെന്നും ഇത് സർക്കാറിന്റെ ചെലവ് ചുരുക്കലിന്റെ ഭാഗമാണെന്നുമാണ് ശബ്ദ സന്ദേശത്തിൽ പ്രധാനമായും പറയുന്നത്. നിലവിൽ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് വിവിധ പരിശീലന പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. വിവിധ ഘട്ടങ്ങളിലായി ഓൺലൈൻ, ഓഫ് ലൈൻ പരിശീലനപ്രവർത്തികൾ പൂർത്തീകരിക്കുന്ന ഉദ്യോഗസ്ഥരാണ് തെരഞ്ഞെടുപ്പ് ചുമതലകൾക്കായി പ്രവർത്തനമണ്ഡലത്തിൽ ഇറങ്ങുന്നത്. ഇത്തവണയും അതു തന്നെയാണ് കമ്മീഷൻ ലക്ഷ്യമിടുന്നത്. ആയതിനാൽ അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും പ്രസ്തുത സന്ദേശത്തിനെതിരെ സൈബർ പൊലീസിനു പരാതി നൽകിയതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
