സംസ്ഥാന ഗതാഗത വകുപ്പു മന്ത്രി കെ ബി ഗണേഷ്കുമാറിനെതിരെ തുറന്നു പറച്ചിലുമായി ഭാര്യ ബിന്ദു മേനോൻ രംഗത്ത്. ഗണേശിനെ കൊട്ടാരക്കര വാളകത്തെ വീട്ടിൽ വളരെ മോശം സാഹചര്യത്തിലാണ് താൻ കണ്ടതന്നും വട്ടിയൂർക്കാവ് കൗൺസിലറായ ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് താൻ പൊലീസ് സഹായം തേടിയതെന്നും ബിന്ദു മേനോൻ ഒരു വാർത്താ ചാനലിനോട് പറഞ്ഞു. തനിക്കെതിരെ മാധ്യമങ്ങളിൽ ഗണേഷ്കുമാർ പറഞ്ഞതു കൊണ്ടാണ് തനിക്കിപ്പോൾ എല്ലാം തുറന്നു പറയേണ്ടി വന്നതെന്നും അവർ പറഞ്ഞു.
വാളകത്തെ വീട്ടിൽ കണ്ടത് പുറത്തു പറയാൻ പോലും പറ്റാത്ത കാര്യമാണ്. ഗണേശിൻ്റെ ഫോട്ടോ അന്ന് എടുത്തിരുന്നു. ആ ഫോട്ടോകൾ എല്ലാം തൻ്റെ കൈയിൽ ഉണ്ട്. കൗൺസിലറായ ശ്രീലേഖ തന്റെ ബന്ധുവാണെന്നും അവരുടെ നിർദേശ പ്രകാരമാണ് താൻ പൊലീസ് സഹായം തേടിയതെന്നും ബിന്ദു മേനോൻ പറഞ്ഞു. പുറത്തേക്കു കടക്കാൻ ശ്രമിച്ചപ്പോൾ മന്ത്രിയുടെ സ്റ്റാഫ് തന്നെ തടയുകയും ഫോൺ പിടിച്ചു വാങ്ങാൻ ശ്രമിക്കുകയും ചെയ്തു. വീടിനു പുറത്തേക്കു കടക്കാൻ അനുവദിക്കാതെ വാതിൽ അടച്ചു. പിന്നാലെ ഒരു സ്ത്രീയെ കാറിൽ കയറ്റി വിട്ടു. സ്ത്രീ പോയതിനു പിന്നാലെ ഗണേഷ് കുമാർ മുറിയിൽ കയറി വാതിൽ അടക്കുകയും ചെയ്തു. തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് പൊലീസ് കയ്യൊഴിയുകയാണ് ചെയ്തത്. പ്രതികരിക്കേണ്ട എന്നാണ് ആദ്യം കരുതിയതെന്നും മാധ്യമങ്ങളിൽ തനിക്ക് എതിരെ പറഞ്ഞതു കൊണ്ടു മാത്രമാണ് എല്ലാം തുറന്ന് പറയുന്നതെന്നും അവർ വ്യക്തമാക്കി.
സാറിന് തെറ്റ് പറ്റിപ്പോയി എന്ന് സ്റ്റാഫുകൾ തന്നോട് പറഞ്ഞു, ക്ഷമിക്കാനും ആവശ്യപ്പെട്ടു. ഒത്തുതീർപ്പിനും ശ്രമമുണ്ടായി. മൊബൈൽ പിടിച്ചു വാങ്ങാൻ ശ്രമിച്ചത് സഹായിയായ ശാന്തൻ ആണ്. പ്രദീപ് ആണ് വാതിൽ അടച്ചത്. സഹായിയായ ശാന്തൻ ആണ് സ്ത്രീയെ കാറിൽ കയറ്റി കൊണ്ട് പോയതും. തനിക്ക് വട്ടെന്ന് പറഞ്ഞതു കൊണ്ട് മാത്രമാണ് ഇപ്പോൾ ഈ വിശദീകരണം നടത്തുന്നത്. വീട്ടിൽ കണ്ടതിന് എല്ലാം തെളിവുകൾ ഉണ്ട്. മുഖ്യമന്ത്രിയുടെ മകളോടും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും നിയമ നടപടിക്ക് ഇല്ലെന്നും ബിന്ദു മേനോൻ പറഞ്ഞു
വിവാഹബന്ധത്തിൽ വർഷങ്ങളായി പ്രശ്നം നിലനിൽക്കുകയാണ്. ശ്രീലേഖ പ്രശ്നപരിഹാരത്തിനായി 2019 ലും ഇടപെട്ടിരുന്നു. മന്ത്രിയായതിനു ശേഷം നിരവധി പ്രശ്നങ്ങളാണ് ഉണ്ടായത്. പല സ്ത്രീകളുടെയും പേരിൽ വഴക്കുകളുണ്ടായിട്ടുണ്ടെന്നും തനിക്ക് സംശയരോഗമെന്ന് പറഞ്ഞ് കുറ്റപ്പെടുത്തുകയാണ് അപ്പോഴൊക്കെ ഗണേശ് കുമാർ ചെയ്തതെന്നും അവർ വെളിപ്പെടുത്തി.
ഏതാനും ദിവസങ്ങളായി നിലനിന്നിരുന്ന ആക്ഷേപങ്ങളിൽ വിശദീകരണവുമായി മന്ത്രി ഗണേഷ്കുമാർ ഇന്ന് രംഗത്തെത്തിയിരുന്നു. തനിക്ക് പ്രണയമുണ്ടെന്നും തൻ്റെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നുമാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. അഞ്ചല്ല, അയ്യായിരം പ്രണയമുണ്ടെന്നും വട്ടുള്ളവർ പൊലീസ് സഹായം തേടണമെന്നുമാണ് മന്ത്രി പറഞ്ഞത്. ഇതിനു പിന്നാലെയാണ് മന്ത്രിക്കെതിരെ ഭാര്യ രംഗത്തുവന്നിരിക്കുന്നത്.
