വൈദ്യുതിമീറ്റർ വാടക കുത്തനെ കൂടും; സിംഗിൾ ഫേസിന് പ്രതിമാസം 31 രൂപ, ത്രീ ഫേസിന് 36 രൂപ

At Malayalam
1 Min Read

വൈദ്യുതിമീറ്റർ വാടകയിൽ അഞ്ചിരട്ടിയിലേറെ വർധനവരുന്ന നിർദേശവുമായി വൈദ്യുതിബോർഡ്. പ്രീ പെയ്ഡ് സ്മാർട്ട് മീറ്ററിലേക്ക് കേരളം മാറുമ്പോൾ സിംഗിൾ ഫേസ് ഉപഭോക്താക്കൾക്ക് പ്രതിമാസം ആറു രൂപയുള്ള മീറ്റർവാടക 31 രൂപയാകും. ത്രീ ഫേസ് ആകുമ്പോൾ 36 രൂപയാകും. രണ്ടുമാസം കൂടുമ്പോൾ ലഭിക്കുന്ന വൈദ്യുതിബില്ലിൽ മീറ്റർ വാടകയായി 12 രൂപയായി രേഖപ്പെടുത്തുന്ന സ്ഥാനത്ത് ഇനി 62 രൂപയും 72 രൂപയുമാകും. ആദ്യഘട്ടമായി 1.72 ലക്ഷം സർക്കാർ ഓഫീസുകളിൽ സ്മാർട്ട് മീറ്റർ സ്ഥാപിച്ചിട്ടുണ്ട്. ഈ മാസംമുതൽ ഈ മീറ്ററുകളിൽനിന്ന് വാടക ഈടാക്കാൻ വൈദ്യുതി റെഗുലേറ്ററി കമ്മിഷനിൽ സമർപ്പിച്ച രേഖകളിലാണ് മീറ്റർവാടക കുത്തനെ ഉയരുന്ന നിർദേശമുള്ളത്.

മീറ്ററുകൾക്കെല്ലാം നിലവിൽ ഈടാക്കുന്നത് ഒരേ നിരക്കായതിനാൽ വ്യാവസായിക ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്ന അതേ മീറ്റർവാടകയായിരിക്കും ഗാർഹിക ഉപഭോക്താക്കൾക്കുംസംസ്ഥാനത്ത് ഘട്ടംഘട്ടമായാണ് നിലവിലുള്ള ഇലക്‌ട്രിക്കൽ മീറ്ററുകൾ മാറ്റി പ്രീ പെയ്ഡ് സ്മാർട്ട്‌ മീറ്റർ സ്ഥാപിക്കുന്നത്.

ആദ്യഘട്ടത്തിൽ സർക്കാർ ഓഫീസുകൾ, ഹൈടെൻഷൻ ഉപഭോക്താക്കൾ തുടങ്ങിയ വിഭാഗങ്ങളിലായി മൂന്നുലക്ഷം സ്മാർട്ട്‌ മീറ്ററുകളാണ് സ്ഥാപിക്കുന്നത്. ഇതിനുശേഷം 50 ലക്ഷത്തോളം വൈദ്യുതി ഉപഭോക്താക്കൾക്കും സ്മാർട്ട് മീറ്റർ സ്ഥാപിക്കും. നിലവിലുള്ള ഇലക്‌ട്രിക്കൽ മീറ്ററുകൾക്ക് 800 മുതൽ 900 രൂപവരെയാണ് വില. എന്നാൽ, സ്മാർട്ട്‌ മീറ്ററുകൾക്ക് 3,100 മുതൽ 4 ,700 രൂപവരെയാണ് വില. ഈ തുക ഈടാക്കുന്നതിന്റെ ഭാഗമായാണ് 8.75 ശതമാനം പലിശകൂടി കണക്കാക്കി പ്രതിമാസം 31 രൂപമുതൽ വാടക നിശ്ചയിച്ചിരിക്കുന്നത്. ഉപഭോഗം കൂടുതലുള്ള എൽ ടി – സി ടി ഉപഭോക്താക്കൾക്ക് സ്ഥാപിക്കുന്ന മീറ്ററിന് 47 രൂപയാണ് വാടക നിശ്ചയിച്ചിരിക്കുന്നത്. വൈദ്യുതിബോർഡ് സമർപ്പിച്ച മീറ്റർവാടക ഹർജിയിൽ തത്കാലം പഴയനിരക്ക് തുടരാനാണ് കമ്മിഷൻ നിർദേശിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിനുശേഷം വാടക വർധനയിൽ കമ്മിഷൻ ഉത്തരവിറക്കും.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment