2026 ലെ എസ് എസ് എൽ സി പരീക്ഷയ്ക്ക് കേരളത്തിൽ 3031 (മൂവായിരത്തി മുപ്പത്തി ഒന്ന്) പരീക്ഷാകേന്ദ്രങ്ങളിലായി നാല് ലക്ഷത്തി പതിനേഴായിരത്തി നാനൂറ്റി തൊണ്ണൂറ്റി ഏഴ് (4,17,497) കുട്ടികളും ഗൾഫ്മേഖലയിൽ 7പരീക്ഷാകേന്ദ്രങ്ങളിലായി അറുനൂറ്റി മുപ്പത്തിമൂന്ന് (633) കുട്ടികളും ലക്ഷദ്വീപിൽ 9 പരീക്ഷാകേന്ദ്രങ്ങളിലായി മുന്നൂറ്റി എൺപത്തിയാറ് കുട്ടികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഉത്തരക്കടലാസ്സ് വിതരണം
എസ് എസ് എൽ സി, വൊക്കേഷണൽ ഹയർ സെക്കന്ററി, ഹയർസെക്കന്ററി പരീക്ഷകൾക്ക് ആവശ്യമായ ഉത്തരക്കടലാസ്സുകളുടെ വിതരണം 41 ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെ സ്കൂളുകളിലും ഈ ആഴ്ച പൂർത്തീകരിച്ചിട്ടുണ്ട്.
ചോദ്യപേപ്പർ നിർമ്മാണം, പ്രിന്റിംഗ്, വിതരണം
ചോദ്യപേപ്പർ 41 ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും എത്തിയിട്ടുണ്ട്.
സോർട്ടിംഗ് പൂർത്തിയാക്കി ബാങ്ക് / ട്രഷറി എന്നിവയുടെ സേഫ് ലോക്കറിലേയ്ക്ക് മാറ്റി. എസ് എസ് എൽ സി പരീക്ഷയ്ക്ക് ആവശ്യമായ ചീഫ്സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ്സൂപ്രണ്ട് എന്നിവരുടെ നിയമനം പൂർത്തീകരിച്ചിട്ടുണ്ട്. എസ് എസ് എൽ സി പരീക്ഷയുടെ ഇൻവിജിലേഷൻ ജോലി നിർവ്വഹിക്കുന്നത് സംസ്ഥാനത്തെ ഇരുപത്തി ആറായിരത്തോളം അധ്യാപകരാണ്. ഉത്തരക്കടലാസ്സ് മൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട് ഏകദേശം തൊള്ളായിരത്തി അമ്പത് അഡീഷണൽ ചീഫ് എക്സാമിനർമാരെയും ഒമ്പതിനായിരം എക്സാമിനർമാരെയും 72 ക്യാമ്പുകളിലായി നിയമിക്കുന്നതിനായി ഇതിനോടകം തന്നെ അപേക്ഷകൾ സ്വീകരിച്ചിട്ടുണ്ട്. പ്രസ്തുത അധ്യാപകർക്ക് മാർച്ച് രണ്ടാം വാരത്തിൽ തന്നെ നിയമന ഉത്തരവ് നൽകുന്നതാണ്.
മൂല്യനിർണ്ണയ ക്യാമ്പുകൾ ഏപ്രിൽ 7 ന് ആരംഭിച്ച് ഏപ്രിൽ 28 ന് പൂർത്തീകരിക്കും.
ഫലപ്രഖ്യാപനം
മെയ് മൂന്നാംവാരത്തിനുള്ളിൽ എസ് എസ് എൽ സി പരീക്ഷകളുടെ ഫലപ്രഖ്യാപനം നടത്തുന്നതാണ്.
പ്ലസ് വൺ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷ
എസ് എസ് എൽ സി പരീക്ഷാ റിസൾട്ട് പ്രസിദ്ധീകരിച്ച് തൊട്ടടുത്ത ദിവസം മുതൽ 2026 – 27 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. മുൻ വർഷത്തെ പോലെ സീറ്റുകൾ പ്രവേശനത്തിന് ലഭ്യമാകുന്നതാണ്. എസ് എസ് എൽ സി പരീക്ഷയിൽ യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികൾക്കും ഉപരിപഠന സാധ്യത ഉറപ്പാക്കുന്നതാണ്. മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുന്നതാണ്.
മുൻ വർഷം ക്ലാസ്സുകൾ ആരംഭിച്ചത് ജൂൺ 18 ന് ആയിരുന്നു.
മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച്സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി സമയബന്ധിതമായി പ്രവേശന നടപടികൾ അവസാനിപ്പിക്കുന്നതായിരിക്കും.
ഒന്നും രണ്ടും വർഷ ഹയർ സെക്കന്ററി / വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകൾ
ഒന്നാം വർഷ ഹയർ സെക്കന്ററി / വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകൾ മാർച്ച് 5 നും രണ്ടാം വർഷ ഹയർ സെക്കന്ററി / വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകൾ മാർച്ച് 6 നും ആരംഭിക്കുന്നതാണ്. നിലവിലെ രജിസ്ട്രേഷൻ പ്രകാരം ഹയർ സെക്കന്ററി ഒന്നും രണ്ടും വർഷ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ എണ്ണം ചുവടെ.
ഒന്നാം വർഷ വിദ്യാർത്ഥികളുടെ എണ്ണം – നാലു ലക്ഷത്തി പതിനൊന്നായിരത്തി ഇരുപത്തിയഞ്ച് (4,11,025)
ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ മൂന്ന് ലക്ഷത്തി നാൽപത്തിയൊന്നായിരത്തി ഇരുന്നൂറ്റി
ഇരുപത്തി രണ്ട്. രണ്ടാം വർഷ വിദ്യാർത്ഥികളുടെ എണ്ണം – നാല് ലക്ഷത്തി അമ്പത്തി രണ്ടായിരത്തി നാന്നൂറ്റി മുപ്പത്തിയേഴ് (4,52,437)
പരീക്ഷാ കേന്ദ്രങ്ങൾ
ഒന്നും രണ്ടും വർഷ ഹയർ സെക്കന്ററി പരീക്ഷകൾക്കായി 1984 പരീക്ഷ കേന്ദ്രങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള പരീക്ഷ കേന്ദ്രങ്ങൾ 1966 ഉം ഗൾഫ് പരീക്ഷ കേന്ദ്രങ്ങൾ 7 ഉം
ലക്ഷദ്വീപ് പരീക്ഷ കേന്ദ്രങ്ങൾ 9 ഉം മാഹി പരീക്ഷ കേന്ദ്രങ്ങൾ 2 എണ്ണവുമാണ്. ഇൻവിജിലേറ്റർമാരായി ഇരുപത്തിയൊമ്പതിനായിരത്തോളം അധ്യാപകരെയാണ് ആവശ്യമായി വരുന്നത്.
മൂല്യനിർണ്ണയം
ഹയർസെക്കന്ററി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിർണ്ണയം നടത്താനായി 89 മൂല്യനിർണ്ണയ ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്.
ഏപ്രിൽ 6 മുതൽ മൂല്യനിർണ്ണയം ആരംഭിക്കുന്നതാണ്.
മെയ് 22 ന് ഫലപ്രഖ്യാപനം നടത്താൻ കഴിയുമെന്ന് കരുതുന്നു.
വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ വിദ്യാർത്ഥികളുടെ എണ്ണം ഇരുപത്തിയാറായിരത്തി എണ്ണൂറ്റി ഇരുപത്തിയൊമ്പതും രണ്ടാം വർഷ റഗുലർ വിദ്യാർത്ഥികളുടെ എണ്ണം ഇരുപത്തിയാറായിരത്തി എണ്ണൂറ്റി ഇരുപത്തിയാറുമാണ്.
പരീക്ഷാ സെന്ററുകളുടെ എണ്ണം മുന്നൂറ്റി എൺപത്തിയൊമ്പത് ,
മൂല്യ നിർണ്ണയ ക്യാമ്പുകളുടെ എണ്ണം എട്ട്, പരീക്ഷാ ഡ്യൂട്ടിക്ക് നിയോഗിക്കേണ്ട അദ്ധ്യാപകരുടെ എണ്ണം 3700.
തിയറി പരീക്ഷകൾ പൂർത്തീകരിക്കുന്ന മുറക്ക് ഏപ്രിൽ മാസം 6 മുതൽ മൂല്യ നിർണ്ണയ ക്യാമ്പുകൾ ആരംഭിക്കുന്നതാണ്.
ഗൾഫ് മേഖലയിലെ പരീക്ഷ
മധ്യപൗരസ്ത്യ ദേശത്ത് യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലെ പരീക്ഷാ നടത്തിപ്പ്
ഒരു പ്രതിസന്ധിയാണ്. ഗൾഫ് മേഖലയിൽ
എസ് എസ് എൽ സി മാർച്ച് 5 ലെ പരീക്ഷയും ഹയർ സെക്കന്ററി മാർച്ച് 5, 6, 7 തീയതികളിലെ പരീക്ഷയും മാറ്റി വെയ്ക്കാൻ ഇപ്പോൾ തീരുമാനിച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട്
അറിയിക്കുന്നതാണ്. ഗൾഫിലും കേരളത്തിലുമായി ചില വിദ്യാർത്ഥികൾ പരീക്ഷ സെന്ററുകളിൽ എത്തിച്ചേരാൻ ആകാതെ പരീക്ഷ എഴുതാൻ കഴിയില്ല എന്ന ആശങ്കയിൽ കഴിയുകയാണ് എന്ന് മനസ്സിലാക്കുന്നു. ഇക്കാര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് കുഞ്ഞുങ്ങൾക്കൊപ്പമുണ്ട്. അങ്ങനെ പരീക്ഷ എഴുതാൻ കഴിയാത്ത കുട്ടികൾ എത്രയും പെട്ടെന്ന് പ്രഥമ അധ്യാപകർ /പ്രിൻസിപ്പൽ വഴി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അപേക്ഷ
നൽകേണ്ടതാണ്. അപേക്ഷയുടെ മെറിറ്റ് പരിശോധിച്ച്
കുഞ്ഞുങ്ങൾക്ക് അനുകൂലമായ തീരുമാനം പൊതുവിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളും.
ഭിന്നശേഷി നിയമനം
സുപ്രീം കോടതിയുടെ 2025 സെപ്തംബർ 1 ലെ വിധിന്യായത്തിന്റെ പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ അധ്യാപകരുടെ കെ – ടെറ്റ് യോഗ്യതയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തർക്കങ്ങളിൽ വ്യക്തത വരുത്തിക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഈ ഉത്തരവിലെ പ്രധാന തീരുമാനങ്ങൾ ചുവടെ :
ദിവസവേതന അധ്യാപകർക്കുള്ള ആശ്വാസം : കെ – ടെറ്റിന് സമാനമായ ഉയർന്ന യോഗ്യതകളുള്ള (സെറ്റ്, നെറ്റ്, എം എഡ്, എം ഫിൽ, പി എച്ച് ഡി) അധ്യാപകർക്ക് 2025 ഒക്ടോബർ 31 വരെയുള്ള കാലയളവിലെ കുടിശ്ശികയുള്ള ദിവസവേതനം നൽകാൻ തീരുമാനിച്ചു. നിശ്ചിത കെ – ടെറ്റ് യോഗ്യതയില്ല എന്ന കാരണത്താൽ തടഞ്ഞുവെച്ച വേതനം, ഓരോ കേസും പ്രത്യേകം പരിശോധിച്ച് നൽകുന്നതിന് അനുമതി നൽകിയിട്ടുണ്ട്.
യോഗ്യതാ മാനദണ്ഡങ്ങളിൽ ഇളവ് : കെ – ടെറ്റ് കാറ്റഗറി III വിജയിച്ച അധ്യാപകർക്ക് ഇനി മുതൽ കെ – ടെറ്റ് കാറ്റഗറി II നേടുന്നതിൽ നിന്നും ഒഴിവാക്കി നൽകി. ഇതു സംബന്ധിച്ച 2018 മാർച്ച് 9 ലെ സർക്കുലർ വ്യവസ്ഥകൾ തുടർന്നും നിലനിൽക്കുന്നതാണ്.
നിയമപരമായ നടപടികൾ : നിലവിലെ
ഈ നിർദ്ദേശങ്ങൾ സുപ്രീം കോടതിയിൽ സർക്കാർ സമർപ്പിച്ചിട്ടുള്ള റിവ്യൂ പെറ്റീഷനിലെ അന്തിമ തീരുമാനത്തിന് വിധേയമായിരിക്കും. അധ്യാപകരുടെ സേവന വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തുന്നതിനും നിയമപരമായ തടസ്സങ്ങൾ നീക്കി അർഹമായ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
കായിക അധ്യാപകർ
സ്കൂളുകളിൽ കായികാധ്യാപക തസ്തിക സൃഷ്ടിക്കുന്നതിന്റെ മാനദണ്ഡങ്ങൾ കാലോചിതമായി പരിഷ്കരിക്കേണ്ടത് മികവുറ്റ ഒരു കായിക സംസ്ക്കാരം വളർത്തിയെടുക്കുന്നതിന് അത്യന്താപേക്ഷിതമാണ്. ദേശീയതലത്തിലെ സ്കൂൾ കായികമേളകളിലും മറ്റും കേരളത്തിന് പ്രഥമ സ്ഥാനമാണുള്ളതെങ്കിലും അതിനായി കുട്ടികളെ വാർത്തെടുക്കുന്ന കായികാധ്യാപകർ നമ്മുടെ ബഹുഭൂരിഭാഗം സ്കൂളുകളിലുമില്ല എന്നത് വസ്തുതയാണ്.
കെ ഇ ആർ ന്റെ പ്രാരംഭഘട്ടം മുതൽ പ്രാബല്യത്തിലുണ്ടായിരുന്ന ചട്ടങ്ങൾ പ്രകാരമാണ് ഇപ്പോഴും സ്പെഷ്യലിസ്റ്റ് അദ്ധ്യാപരുടെ തസ്തികകൾ സൃഷ്ടിക്കപ്പെടുന്നത് എന്നത് പുനഃപരിശോധിക്കപ്പെടേണ്ടതു തന്നെയാണ്. സ്പെഷ്യലിസ്റ്റ് വിഷയങ്ങളിലെ അധ്യാപകരുടെ വിഷയങ്ങൾ സംബന്ധിച്ചു വിശദമായ പഠനം നടത്തുന്നതിന് ഒരു കമ്മിറ്റിയെ നിയോഗിച്ചു.
ആയതിന്റെ അടിസ്ഥാനത്തിൽ ചട്ട ഭേദഗതി ഉൾപ്പെടെ നടത്തുന്നത് സംബന്ധിച്ചു തീരുമാനം എടുക്കുന്നതാണ്.
ഹയർസെക്കണ്ടറി തസ്തിക നിർണയം
സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ 2024 – 25വർഷത്തെ തസ്തിക നിർണയം നടത്തിയത് പ്രകാരവും 2021 – 22 വർഷത്തെ ഷിഫ്റ്റഡ് ബാച്ചുകളിലെ തസ്തികയും ഉൾപ്പെടെ 119 ജൂനിയർ എച്ച് എസ് എസ് റ്റി തസ്തികകൾ സൃഷ്ടിച്ചുകൊണ്ടും
146 ജൂനിയർ എച്ച് എസ് എസ് റ്റി തസ്തികകൾ എച്ച് എസ് എസ് റ്റി തസ്തികകൾ ആയി അപ്ഗ്രേഡ് ചെയ്തുകൊണ്ടും 68 എച്ച് എസ് എസ് റ്റി തസ്തികകൾ സൃഷ്ടിച്ചുകൊണ്ടും, 143 എച്ച് എസ് എസ് റ്റി തസ്തികകൾ ജൂനിയർ എച്ച് എസ് എസ് റ്റി തസ്തികകൾ ആക്കി മാറ്റിക്കൊണ്ടും തസ്തിക നിർണയം അംഗീകരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.
മലയാളത്തിന് പ്രോത്സാഹനം
ഹയർസെക്കന്ററിയിൽ പഠിക്കുന്ന മലയാളത്തിനു ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കു സ്കോളർഷിപ് നൽകുന്നു.
പത്താം ക്ലാസ്സിൽ മലയാളത്തിനു ഉന്നതവിജയം കരസ്ഥമാക്കി ഹയർസെക്കന്ററിയിൽ മലയാളം ഉപഭാഷയായി പഠിക്കുന്നവർക്കാണ് സ്ക്കോളർഷിപ്പിന് അർഹതയുള്ളത്. ഇതുമായിബന്ധപ്പെട്ട മറ്റു വിവരങ്ങൾ പൊതു വിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ മുഖാന്തരം അറിയിക്കുന്നതാണ്.
പ്രീപ്രൈമറി
സംസ്ഥാനത്ത് അംഗീകാരമുള്ള സർക്കാർ പ്രീ പ്രൈമറികളിൽ ഓണറേറിയം കൈപ്പറ്റുന്ന 2835 അധ്യാപകരും 1941 ആയമാരും നിലവിൽ സേവനം ചെയ്യുന്നു. പ്രസ്തുത ജീവനക്കാർക്ക് സേവന ദൈർഘ്യത്തിൻ്റെ അടിസ്ഥാനത്തിൽ അധ്യാപകർക്ക് യഥാക്രമം 12,000, 12, 5000 രൂപയും ആയമാർക്ക് യഥാക്രമം 7000, 75000 രൂപയും എന്ന നിരക്കിൽ ആണ് എല്ലാ മാസവും ഓണറേറിയം അനുവദിച്ചു വന്നിരുന്നത്. ഈ ജീവനക്കാർക്ക് നവംബർ 2025 മുതൽ 1,000 രൂപ ഓണറേറിയം വർദ്ധിപ്പിച്ചു സർക്കാർ ഉത്തരവായിരുന്നു, ഈ വർഷത്തെ ബഡ്ജറ്റിൽ പ്രീ പ്രൈമറി ജീവനക്കാർക്ക് ആയിരം രൂപ വർധിപ്പിച്ചിട്ടുണ്ട്.
അതായത് ഈ സാമ്പത്തിക വർഷം തന്നെ രണ്ട് പ്രാവശ്യമാണ് വർധനവ് വരുത്തിയിട്ടുള്ളത്.
ധന വകുപ്പിന്റെ അനുമതിയോട് കൂടി സർക്കാരിൽ നിന്നും വർദ്ധിപ്പിച്ച ഓണറേറിയം തുക ലഭിക്കുമെന്ന് അറിയുവാൻ കഴിയുന്നു. ഈ തുക ലഭിക്കുന്ന മുറയ്ക്ക് തന്നെ 2026 ഫെബ്രുവരി മാസത്തിൽ കുറവു ചെയ്ത തുക ജീവനക്കാർക്ക് ലഭ്യമാക്കും.
സംസ്ഥാനത്തെ പ്രീ പ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചു എന്ന വാർത്ത വസ്തുതയ്ക്കു നിരക്കാത്തത് ആണ്. ഈ വർഷം തന്നെ രണ്ടു ഘട്ടങ്ങളിലായി സർക്കാർ വർധിപ്പിച്ച ഓണറേറിയം, അതിന്റെ പൂർണ ആനുകൂല്യത്തോട് കൂടി തന്നെ എല്ലാ ജീവനക്കാർക്കും ലഭ്യമാക്കുന്നതാണ്.
