രണ്ടുതവണ തുടർച്ചയായി മത്സരിച്ചവർ മാറിനിൽക്കണമെന്ന വ്യവസ്ഥയിൽ ഇളവ് നൽകാൻ സി പി എമ്മിൽ ധാരണയായതോടെ, പാർട്ടിയിലെ പ്രമുഖർ ഉൾപ്പെടെ ഭൂരിപക്ഷം സിറ്റിങ് എം എൽ എമാരും ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കും. നിലവിലുള്ള 62 എം എൽ എമാരിൽ 50 പേരും ഇക്കുറി മത്സരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശേഷിക്കുന്ന ചിലരുടെ കാര്യത്തിൽ വീണ്ടും പരിശോധന നടത്തി മാത്രമാകും അന്തിമ തീരുമാനം കൈക്കൊള്ളുക. സ്ഥാനാർഥി നിർണയം ഉൾപ്പെടെയുള്ള നിർണായക വിഷയങ്ങൾ ചർച്ച ചെയ്യാൻ സംസ്ഥാന കമ്മിറ്റി യോഗം ഈ ആഴ്ച ചേരും.
സെക്രട്ടേറിയറ്റിൽ ഭൂരിപക്ഷവും സ്ഥാനാർത്ഥികളാകും
സി പി എം സെക്രട്ടേറിയറ്റിലെ 17 അംഗങ്ങളിൽ 13 പേർ തെരഞ്ഞെടുപ്പിൽ ഇറങ്ങും. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരാണ് പട്ടികയിൽ. സംസ്ഥാന സെക്രട്ടറി പദവിയിലുള്ളതിനാൽ എം വി ഗോവിന്ദൻ മത്സരിക്കില്ല. ഇ പി ജയരാജൻ, പുത്തലത്ത് ദിനേശൻ, സി എൻ മോഹനൻ എന്നിവരെയും ഒഴിവാക്കാനാണ് സാധ്യത. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സീറ്റ് വിഷയത്തിൽ ഉണ്ടായ തർക്കം പരിഹരിക്കുന്നതിനായി പേരാമ്പ്ര മണ്ഡലം കേരള കോൺഗ്രസ് എമ്മിന് നൽകുകയാണെങ്കിൽ, എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണന്റെ കാര്യത്തിൽ പുനരാലോചന ഉണ്ടാകും.
തോമസ് ഐസക് വീണ്ടും സ്ഥാനാർഥി
രണ്ട് ടേം വ്യവസ്ഥയുടെ ഭാഗമായി കഴിഞ്ഞ തവണ മാറ്റിനിർത്തപ്പെട്ട ടി എം തോമസ് ഐസക് ഇത്തവണ വീണ്ടും സ്ഥാനാർഥിയാകും. കെ കെ ശൈലജ, കെ എൻ ബാലഗോപാൽ, പി രാജീവ്, പി കെ ബിജു, എം സ്വരാജ്, വി എൻ വാസവൻ, സജി ചെറിയാൻ, പി എ മുഹമ്മദ് റിയാസ്, എം വി ജയരാജൻ എന്നിവരും മത്സരത്തിനിറങ്ങും.
മാറിനിൽക്കുന്നവർ, ആശയക്കുഴപ്പമുള്ള മണ്ഡലങ്ങൾ
സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ (തളിപ്പറമ്പ്) ഉൾപ്പെടെ എം രാജഗോപാൽ, എം എം മണി, എം മുകേഷ്, യു പ്രതിഭ, ദലീമ, എ സി മൊയ്തീൻ എന്നിവർ മത്സരത്തിൽ നിന്നു മാറിനിൽക്കും. വർക്കലയിൽ വിജയസാധ്യത കണക്കിലെടുത്ത് വി ജോയിയെ മത്സരിപ്പിക്കാനുള്ള ആലോചന തുടരുന്നു. നേമത്ത് ബി ജെ പിയുടെ കടുത്ത വെല്ലുവിളി കണക്കിലെടുത്ത് വി ശിവൻകുട്ടിക്കാണ് മുൻതൂക്കം. കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന ചർച്ചയുണ്ടെങ്കിലും ശബരിമല കേസാണ് വെല്ലുവിളി.
ചില മണ്ഡലങ്ങളിൽ മാറ്റത്തിനു സാധ്യത
മലമ്പുഴയിൽ വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺകുമാറിനെ മത്സരിപ്പിച്ചാൽ എ പ്രഭാകരനെ മാറ്റും.
ഷൊർണൂരിൽ പി മമ്മിക്കുട്ടിയെ മാറ്റി പുതുമുഖത്തെ പരീക്ഷിക്കും.
എം. സ്വരാജിന് ഉറപ്പുള്ള സീറ്റ് നൽകാൻ പൊന്നാനിയിൽ പി നന്ദകുമാറിനെ മാറ്റാനും സാധ്യത.
സംസ്ഥാന, ജില്ലാ കമ്മിറ്റികളിലെ ചർച്ചകൾക്കു ശേഷമായിരിക്കും ഔദ്യോഗിക സ്ഥാനാർഥി പട്ടിക. ഇതിനിടെ മത്സരിക്കാൻ ധാരണയായ സിറ്റിങ് എം എൽ എമാർക്ക് മണ്ഡലങ്ങളിൽ സജീവമാകാൻ പാർട്ടി നേരത്തെ നിർദേശം നൽകിയിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാർഥികളുടെ കാര്യത്തിൽ എൽ ഡി എഫിലെ ഘടകകക്ഷികളുമായി നടത്തിയ ചർച്ചകൾക്കുശേഷമായിരിക്കും അന്തിമ തീരുമാനം.
