മൈക്രോഫിനാന്‍സ് കേസിൽ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിജിലന്‍സ് സംഘം ചോദ്യംചെയ്തു. ക്രൈം ബ്രാഞ്ച് എസ് പി എസ് ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബുധനാഴ്ച കണിച്ചുകുളങ്ങരയിലുള്ള വീട്ടിലെത്തി വെള്ളാപ്പള്ളിയെ ചോദ്യംചെയ്തത്. കുറ്റപത്രം നല്‍കുന്നതിന് മുന്നോടിയായാണ് നടപടി.
വെള്ളാപ്പള്ളി നടേശന്‍ മുഖ്യപ്രതിയായ കേസിന്റെ അന്വേഷണം വേഗത്തിലാക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ജൂലൈയില്‍ നിര്‍ദേശം നല്‍കിയിരുന്നു. അന്ന് വിജിലന്‍സ് എസ് പി ആയിരുന്ന എസ് ശശിധരന്‍തന്നെ കേസ് അന്വേഷണം തുടര്‍ന്നും നടത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. വെള്ളാപ്പള്ളി അടക്കം അഞ്ച് പ്രതികളെ ഉള്‍പ്പെടുത്തിയാണ് എഫ് ഐ ആര്‍.
2016ല്‍ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പരാതിയിലാണ് വെള്ളാപ്പള്ളി നടേശനെയടക്കം പ്രതിചേര്‍ത്ത് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നാക്ക വികസന കോര്‍പ്പറേഷന്‍ മുന്‍ എം ഡി നജീബ്, നിലവിലെ എം ഡി ദിലീപ് കുമാര്‍, മൈക്രോ ഫിനാന്‍സ് ചീഫ് കോര്‍ഡിനേറ്റര്‍ കെ കെ മഹേശന്‍, എസ് എന്‍ ഡി പി യൂണിയന്‍ നേതാവ് ഡോ എം എന്‍ സോമന്‍ എന്നിവരാണ് മറ്റ് പ്രതികള്‍.
മൈക്രോ ഫിനാന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് 15 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് പരാതിയിലെ ആരോപണം. സാമ്പത്തിക തിരിമറി, ഗൂഢാലോചന എന്നിവ അടക്കമുള്ള ആരോപണങ്ങളാണ് പ്രതികള്‍ക്കെതിരെയുള്ളത്.
