ക്രമസമാധാനവും സ്വൈരജീവിതവും ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ ഗുരുതര കുറ്റകൃത്യങ്ങളിൽ ഉള്‍പ്പെട്ട 691 പേരേയും വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് ഒളിവില്‍ കഴിയുകയായിരുന്ന 972 പേരേയും അറസ്റ്റു ചെയ്തു.
ഗുണ്ടകള്‍, ഗുരുതര കുറ്റകൃത്യങ്ങള്‍ സ്ഥിരമായി ഏര്‍പ്പെടുന്നവര്‍, മോഷ്ടാക്കള്‍, പിടികിട്ടാപ്പുള്ളികള്‍ എന്നിവരെ കണ്ടെത്തി നിയമത്തിനു മുന്പില് കൊണ്ടുവരുന്നതിന് സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖറിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഓപ്പറേഷന് റൗണ്ട് അപ്പ് എന്ന പേരിൽ സ്പെഷ്യൽ ഡ്രൈവ് നടപ്പാക്കിയത്.
ക്രമസമാധാന വിഭാഗം എ ഡി ജി പി എച്ച് വെങ്കിടേഷിന്റെ മേല്‍നോട്ടത്തിൽ ഈ മാസം 12 മുതല്‍ 14 വരെയായിരുന്നു സ്പെഷ്യല്‍ ഡ്രൈവ് നടപ്പിലാക്കിയത്. ദക്ഷിണ / ഉത്തര മേഖലാ ഐ ജിമാര്‍, റെയ്ഞ്ച് ഡി ഐ ജിമാര്‍, ജില്ലാ പൊലീസ് മേധാവിമാര്‍ എന്നിവര്‍ നേത്യത്വം നല്കി.
സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി 1028 പേര്‍ക്കെതിരെ ബി. എന്‍ എസ് എസ് സെക്ഷന്‍ 126 / 129 പ്രകാരം കരുതല്‍ നടപടികള്‍ കൈക്കൊണ്ടു.
കാപ്പ നിയമം നടപടി പ്രകാരം 20 പേരെ കരുതല്‍ തടങ്കലിലും 30 പേര്‍ക്കെതിരെ നാടുകടത്തല്‍ നടപടികളും ആരംഭിച്ചു.
മദ്യപിച്ച് വാഹനം ഓടിച്ചവര്‍ക്കെതിരെ 1354 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ഇവരുടെ ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു.
