കൊല്ലം നിലമേലിൽ ദേഹാസ്വസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ചികിത്സതേടിയ രണ്ടുപേർ മരിച്ചു. ഭക്ഷ്യവിഷ ബാധയെന്ന് ബന്ധുക്കൾ ആരോപിച്ചു. നിലമേൽ പ്ലാച്ചിയോട് കുന്നിൽ വീട്ടിൽ റഷീദ ബീവി (58), മരുമകൻ ഷാജി(48) എന്നിവരാണ് മരിച്ചത്. റഷീദ ബീവിയുടെ മകൾ സജിമോൾ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇവരുടെ നില മെച്ചപ്പെട്ടു വരുന്നു.
ഇവർ കഴിഞ്ഞദിവസം വിഴിഞ്ഞത്തെ ഒരു റസ്റ്ററന്റിൽ നിന്നും ഭക്ഷണം കഴിച്ചിരുന്നു. മടങ്ങും വഴി ദേഹാസ്വാസ്ഥ്യവും ചർദ്ദിയും അനുഭവപ്പെട്ടതോടെ ചികിത്സ തേടുകയായിരുന്നു. വിഴിഞ്ഞത്ത് നിന്നും മീൻ വിഭവങ്ങളാണ് അഞ്ചംഗ സംഘം കഴിച്ചത്. ഇവരെ ആദ്യം നിലമേലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് നില ഗുരുതരമായതോടെ മെഡിക്കൽ കോളജിലേക്കും മാറ്റുകയായിരുന്നു. ഇ സി ജിയിൽ പ്രശ്‌നങ്ങൾ കണ്ടതിനെ തുടർന്ന് ഷാജിയെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. മെഡിക്കൽ കോളജിൽ എത്തുമ്പോഴേക്കും മരിച്ചിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. ഷാജിയെ അലർജി പ്രശ്നങ്ങൾ അലട്ടിയിരുന്നു. അലർജിയാണ് മരണകാരണമായതെന്നാണ് മെഡിക്കൽ കോളജ് അധികൃതർ പറയുന്നത്.
