കൊല്ലത്ത് മൈക്രോഫിനാൻസ് എന്ന പേരിൽ വൻ തട്ടിപ്പ് നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിലായി. ലോൺ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയ മൂന്നു പേരെയാണ് കൊട്ടാരക്കര പൊലീസ് പിടികൂടിയത്. പലരിൽ നിന്നായി മൂന്നു ലക്ഷത്തോളം രൂപയാണ് ഇവർ തട്ടിയെടുത്തത്. തിരുവല്ല സ്വദേശികളായ രാജീവൻ, ഗിരീഷ് കുമാർ, ചെങ്ങന്നൂർ സ്വദേശി ഗോപകുമാർ എന്നിവരാണ് പിടിയിലായത്. കേസിൽ വിപിൻ ഭാസ്കർ എന്നയാൾ ഒളിവിലാണ്.
സെവൻ സ്റ്റാർ, M3G അസോസിയേറ്റ്സ് എന്നീ പേരുകളിൽ തൃപ്പൂണിത്തുറ, തിരുവല്ല, കലയപുരം, കൊട്ടാരക്കര എന്നീ സ്ഥലങ്ങളിൽ സ്ഥാപനം നടത്തിയാണ് ഇവർ തട്ടിപ്പ് നടത്തിയത്. മൈക്രോഫിനാൻസ് വഴി ലോൺ നൽകാമെന്ന് വാഗ്ദാനം നൽകി 10,000 മുതൽ 65,000 രൂപ വരെ 9 പേരിൽ നിന്നായി ഇവർ വാങ്ങിയിട്ടുണ്ടെന്നാണ് വിവരം.
5 ലക്ഷം രൂപ ലോൺ തരപ്പെടുത്തി നൽകാമെന്നു വാഗ്ദാനം നൽകി ആലപ്പുഴ കരുമാടി സ്വദേശിയിൽ നിന്ന് 55,000 രൂപയും ഇവർ തട്ടിയെടുത്തിരുന്നു. ഇദ്ദേഹത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ കൂടുതൽ പേരിൽ നിന്നും തട്ടിപ്പു നടത്തി പണം കൈക്കലാക്കിയിട്ടുണ്ടെന്നാണ് വിവരം. കേസിൽ വിശദ അന്വേഷണം നടത്തിവരികയാണെന്ന് കൊട്ടാരക്കര പൊലീസ് അറിയിച്ചു.
