മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പേഴ്സണൽ അസിസ്റ്റന്റായിരുന്ന എ സുരേഷിനെ പാലക്കാട് മലമ്പുഴയിൽ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് നീക്കം തുടങ്ങി. കോൺഗ്രസിന്റെ സംസ്ഥാന നേതാക്കൾ തന്നെ സമീപിച്ചതായി സുരേഷും സ്ഥിരീകരിച്ചു.
സുരേഷിനെ മത്സരിപ്പിച്ചാൽ ഇടതു കോട്ടയായ മലമ്പുഴയിൽ നേട്ടമുണ്ടാക്കാൻ സാധിക്കുമെന്നാണ് കോൺഗ്രസിന്റെ കണക്കുക്കൂട്ടൽ. ഏറെക്കാലം വി എസിന്റെ പി എ ആയിരുന്നു സുരേഷ്. യു ഡി എഫ് സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് നീക്കമെന്നാണ് വിവരം.
അതേസമയം, മത്സരിക്കുന്ന കാര്യത്തിൽ കോൺഗ്രസ് നേതാക്കളെ തീരുമാനം അറിയിച്ചിട്ടില്ലെന്നാണ് സുരേഷ് പ്രതികരിച്ചത്. കോൺഗ്രസ് നേതാക്കൾ തന്നെ സമീപിച്ചിരുന്നു. പാർട്ടിയിൽ നിന്നു പുറത്താക്കിയിട്ട് 11 വർഷത്തോളമായി. എന്നാൽ ഇപ്പോഴും ഇടത് അനുഭാവി തന്നെയാണ്. കേരളത്തിലെ ഇടതുപക്ഷത്തിന്റെ മൂല്യങ്ങൾ ചോർന്നുപോകുന്നതിൽ പ്രതിഷേധിക്കുന്നവരുടെ ഒപ്പമാണ് താനുമുള്ളത്. പാർട്ടിയിൽ നിന്ന് പുറത്താക്കിയതിൽ നാല് അപ്പീലുകൾ നൽകിയിരുന്നു. അതിൽ ഇതുവരെ മറുപടി നൽകിയിട്ടില്ല. തന്നെ എന്തിനാണ് പുറത്താക്കിയതെന്ന് ഇപ്പോഴും ബോദ്ധ്യപ്പെട്ടിട്ടില്ല. മറ്റൊരു പാർട്ടിയിൽ ചേരാൻ ഉദ്ദേശിക്കുന്നില്ലെന്നും എ സുരേഷ് വ്യക്തമാക്കി.
ഇ കെ നായനാരും വി എസ് അച്യുതാനന്ദനും മത്സരിച്ച മണ്ഡലമാണ് മലമ്പുഴ. 2001 മുതൽ 2016വരെ നാലുതവണ വി എസ് മലമ്പുഴയിൽ നിന്ന് വിജയിച്ചു. കഴിഞ്ഞതവണ എ പ്രഭാകരനായിരുന്നു സ്ഥാനാർത്ഥി. 25,000ലധികം വോട്ടുകൾക്കായിരുന്നു വിജയം.
