ഓഫീസ് സമയം കഴിഞ്ഞാൽ ഔദ്യോഗിക ഫോൺ കോളുകളിൽ നിന്നും ഇ – മെയിലുകളിൽ നിന്നും പൂർണ്ണമായും വിട്ടുനിൽക്കാൻ ജീവനക്കാരെ അനുവദിക്കുന്ന ‘റൈറ്റ് ടു ഡിസ്കണക്ട്’ സ്വകാര്യ ബിൽ എ എ റഹീം എം പി രാജ്യസഭയിൽ അവതരിപ്പിച്ചു. ഡിജിറ്റൽ യുഗത്തിൽ ജോലിഭാരം വർധിക്കുന്നതും വ്യക്തിജീവിതവും തൊഴിലും തമ്മിലുള്ള അതിർവരമ്പുകൾ ഇല്ലാതാകുന്നതും കണക്കിലെടുത്താണ് ഈ ചരിത്രപരമായ നീക്കം. നിശ്ചിത ജോലി സമയം കഴിഞ്ഞാൽ വരുന്ന ഔദ്യോഗിക സന്ദേശങ്ങളോടോ കോളുകളോടോ പ്രതികരിക്കാതിരിക്കാൻ ജീവനക്കാരന് നിയമപരമായ അവകാശമുണ്ടാകും.
ഓഫ് ടൈമിൽ ലഭ്യമാകാത്തതിന്റെ പേരിൽ ജീവനക്കാരെ പിരിച്ചുവിടാനോ, മറ്റ് അച്ചടക്ക നടപടികൾ സ്വീകരിക്കാനോ പാടില്ല. ഈ അവകാശം വിനിയോഗിക്കുന്നത് പ്രമോഷനെയോ മറ്റു കരിയർ ആനുകൂല്യങ്ങളെയോ ബാധിക്കാനും പാടില്ല. ഓരോ സ്ഥാപനവും തൊഴിലാളി പ്രതിനിധികളുമായി ചർച്ച ചെയ്ത് വ്യക്തമായ ഡിസ്കണക്ട് നയം നടപ്പിലാക്കണം.
ഫ്രാൻസ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ സമാന നിയമങ്ങൾ ചൂണ്ടിക്കാട്ടിയാണ് റഹീം ബിൽ അവതരിപ്പിച്ചത്. ഐ ടി സേവന മേഖലകളിലെ യുവാക്കൾ നേരിടുന്ന മാനസിക സമ്മർദ്ദത്തിന് ഇത് പരിഹാരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
റൈറ്റ് ടു ഡിസ്കണക്ട് ബില്ലിന് പുറമെ മറ്റു രണ്ട് പ്രധാന ബില്ലുകൾ കൂടി അദ്ദേഹം സഭയുടെ പരിഗണനയ്ക്ക് സമർപ്പിച്ചു:
എജ്യുക്കേഷണൽ കൺസൾട്ടൻസീസ് റെഗുലേഷൻ ബിൽ 2025.- വിദ്യാർത്ഥികളെ ചൂഷണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി വിദ്യാഭ്യാസ കൺസൾട്ടൻസികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുക.
എൻവയോൺമെന്റ് ഭേദഗതി ബിൽ 2025 – കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നവർക്ക് സർക്കാർ കൃത്യമായ നഷ്ടപരിഹാരം ഉറപ്പാക്കുക എന്നീ ബില്ലുകളാണ് റഹിം അവതരിപ്പിച്ചത്.
