പൊതുതിരഞ്ഞെടുപ്പിനു ശേഷം അധ്യക്ഷൻ / ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും വിവിധ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് 2026 ജനുവരി 05 മുതൽ 07 വരെ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. അംഗങ്ങളുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ എത്രയും പെട്ടെന്ന് ചെയർമാൻമാരുടെ തിരഞ്ഞെടുപ്പ് അതത് വരണാധികാരികൾ നടത്തും.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യ വിദ്യാഭ്യാസകാര്യം എന്നിങ്ങനെ 4 സ്റ്റാന്റിങ് കമ്മിറ്റികളും ജില്ലാ പഞ്ചായത്തിൽ ധനകാര്യം, വികസനകാര്യം, പൊതുമരാമത്ത്കാര്യം, ആരോഗ്യ വിദ്യാഭ്യാസകാര്യം, ക്ഷേമകാര്യം എന്നിങ്ങനെ 5 സ്റ്റാന്റിംഗ് കമ്മിറ്റികളുമാണ് രൂപീകരിക്കേണ്ടത്.
മുനിസിപ്പാലിറ്റകളിൽ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യകാര്യം, മരാമത്ത് കാര്യം, വിദ്യാഭ്യാസ കലാകായികകാര്യം എന്നിങ്ങനെ 6 സ്റ്റാന്റിങ് കമ്മിറ്റികളും കോർപ്പറേഷനുകളിൽ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യകാര്യം, മരാമത്ത്കാര്യം നഗരാസൂത്രണകാര്യം, നികുതി അപ്പീൽകാര്യം, വിദ്യാഭ്യാസ കായികകാര്യം എന്നിങ്ങനെ 8 സ്റ്റാന്റിങ് കമ്മിറ്റികളുമാണുള്ളത്.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെയും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരുടെയും തിരഞ്ഞെടുപ്പ് നടത്തുന്നതിന് അതത് സ്ഥാപനത്തിലെ വരണാധികാരികളെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ചുമതലപ്പെടുത്തിയിട്ടുള്ളത്. ജില്ലാ പഞ്ചായത്തുകളിലെയും കോർപ്പറേഷനുകളിലെയും സ്റ്റാന്റിങ് കമ്മറ്റി അംഗങ്ങളുടെയും സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരുടെയും തിരഞ്ഞെടുപ്പിനുള്ള വരണാധികാരിയുടെ ചുമതല എ ഡി എമ്മിനാണ്. മുനിസിപ്പാലിറ്റികളിലെ തിരഞ്ഞെടുപ്പിനുള്ള വരണാധികാരികളെയും കമ്മീഷൻ നിശ്ചയിച്ചിട്ടുണ്ട്.
സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗം ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിലാണ് നടക്കുക. യോഗ സ്ഥലം, തീയതി, സമയം എന്നിവ ഉൾപ്പെട്ട നോട്ടീസ് എല്ലാ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കും യോഗതീയതിക്ക് 5 ദിവസം മുൻപ് ബന്ധപ്പെട്ട വരണാധികാരി നൽകും. നാമനിർദ്ദേശം വരണാധികാരിക്ക് സമർപ്പിക്കേണ്ട അവസാന തീയതിയും സമയവും നോട്ടീസിലുണ്ടാകും. ചെയർമാൻമാരെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗ നോട്ടീസ് ബന്ധപ്പെട്ട സ്റ്റാന്റിംഗ് കമ്മിറ്റിയിലെ എല്ലാ അംഗങ്ങൾക്കും യോഗതീയതിക്ക് 2 ദിവസം മുൻപാണ് നൽകുക.
സ്റ്റാന്റിങ് കമ്മിറ്റി അംഗ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിക്ക് സ്വയം നാമനിർദ്ദേശം സമർപ്പിക്കാം. നാമനിർദ്ദേശത്തെ മറ്റൊരു അംഗം നിർദ്ദേശിക്കേണ്ടതോ പിന്താങ്ങേണ്ടതോ ഇല്ല. നാമനിർദ്ദേശപത്രികയ്ക്ക് പ്രത്യേക ഫോറങ്ങളും നിർണ്ണയിച്ചിട്ടില്ല.
ധനകാര്യമുൾപ്പെടെയുള്ള എല്ലാ സ്റ്റാന്റിങ് കമ്മിറ്റികളിലും ഒരു സ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ഈ സ്ഥാനത്തേയ്ക്ക് സ്ത്രീകളല്ലാത്ത അംഗങ്ങൾ സ്ഥാനാർത്ഥികളാകാൻ പാടില്ല. ചെയർമാൻ സ്ഥാനങ്ങളിലും സ്ത്രീ സംവരണം നിശ്ചയിച്ച് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. സ്ത്രീ സംവരണസ്ഥാനത്തേക്കായിരിക്കും ആദ്യം തിരഞ്ഞെടുപ്പ് നടത്തുക. സ്ത്രീ സംവരണസ്ഥാനങ്ങൾ നികത്തിയതിനു ശേഷം മാത്രമേ മറ്റ് അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടത്തുകയുള്ളൂ.
സ്ഥാനാർത്ഥികളുടെ എണ്ണം ഒഴിവുള്ള സ്ഥാനങ്ങളുടെ എണ്ണത്തേക്കാൾ കൂടുതലാണെങ്കിൽ യോഗത്തിൽ ഹാജരായിട്ടുള്ള അംഗങ്ങളിൽ നിന്നും ആനുപാതിക പ്രാതിനിധ്യ സമ്പ്രദായമനുസരിച്ച് ഒറ്റക്കൈമാറ്റ വോട്ടുമൂലം (Preferential Voting) വോട്ടെടുപ്പ് നടത്തിയാണ് അംഗങ്ങളെ തിരഞ്ഞെടുക്കുക.
സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജനുവരി 5 മുതൽ 7 വരെ
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment
Leave a comment
