രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുമ്പ് ധാരാളം പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവിനും കെ പി സി സി പ്രസിഡന്റിനും പരാതികൾ ധാരാളം ലഭിച്ചിരുന്നുവെന്നാണ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞത്. ആ സന്ദർഭത്തിൽ പാർടി ഏകകണ്ഠമായാണ് നടപടിയെടുത്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രാഹുലിനെ ആരും ഒളിപ്പിച്ചിട്ടില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കോൺഗ്രസിലെ നേതാക്കൾ പലരും രാഹുലിന്റെ വിഷയത്തിൽ വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്ന പശ്ചാത്തലത്തിലാണ് രമേശ് ചെന്നിത്തല രാഹുലിനെതിരെ മുമ്പ് ധാരാളം പരാതികൾ വന്ന വിവരം പുറത്തു പറയുന്നത്. രാഹുൽ തെറ്റ് ചെയ്തിട്ടില്ലെന്ന് പറയുന്നില്ലെന്നും എന്നാൽ രാഷ്ട്രീയജീവിതം അവസാനിപ്പിക്കാൻ മാത്രം വലിയ തെറ്റൊന്നും ചെയ്തില്ലെന്നുമാണ് മറ്റൊരു മുതിർന്ന നേതാവായ കെ സുധാകരൻ വ്യക്തമാക്കിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫുമടക്കമുള്ള നേതാക്കൾ രാഹുലിന്റെ വിഷയത്തിൽ മിക്കപ്പോഴും മൗനം പാലിക്കുകയാണ് ചെയ്യുന്നത്. ഷാഫി പറമ്പിലും രാഹുലിനെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് കാര്യമായി ഒന്നും പറയുന്നില്ല.
ഗുരുതര പീഡനത്തനിരയായ യുവതി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയതിനു പിന്നാലെയാണ് എം എൽ എ ഓഫീസ് പൂട്ടി രാഹുൽ ഒളിവിൽ പോയത്. ഗുരുതരമായ ആരോപണങ്ങളാണ് രാഹുലിനെതിരെ യുവതി ഉന്നയിച്ചിരിക്കുന്നത്. ഗർഭധാരണത്തിന് നിർബന്ധിച്ചതായും ശേഷം നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയതായും തെളിവുകളുണ്ട്. ഇത് വ്യക്തമാക്കുന്ന ശബ്ദരേഖകളും ചാറ്റുകളും നേരത്തേ തന്നെ പുറത്തുവന്നിരുന്നു.
