20 വര്‍ഷം പഴക്കമുള്ള വാഹനം കൈവശം വയ്ക്കുന്നതിന് ഫീസ് കുത്തനെ കൂടും. 20 വര്‍ഷത്തിനു ശേഷമുള്ള വാഹനങ്ങളുടെ ഫീസ് നിലവിലുള്ളതിനെക്കാള്‍ ഇരട്ടിയാക്കി. എന്നാല്‍ അധിക നികുതി നിരക്കുമായി ബന്ധപ്പെട്ട് 2022 മുതല്‍ കേരള ഹൈക്കോടതിയില്‍ കേസുള്ളതിനാല്‍ സംസ്ഥാനത്ത് പുതുക്കിയ നിരക്ക് ഈടാക്കുമോയെന്നതില്‍ വ്യക്തതയില്ല.
വാഹനങ്ങള്‍ 15 വര്‍ഷത്തിനു ശേഷം വാഹനങ്ങള്‍ പുതുക്കുന്നതിന് 2022 ഏപ്രില്‍ ഒന്നു മുതല്‍ നിരക്ക് ഉയര്‍ത്തി കേന്ദ്രം ഉത്തരവിട്ടെങ്കിലും കേരള ഹൈക്കോടതിയില്‍ കേസുള്ളതിനാല്‍ ഈ നിരക്ക് വാങ്ങുന്നില്ല. അധിക നിരക്ക് ഈടാക്കാന്‍ കോടതി അനുമതി നല്‍കിയാല്‍ അധികതുക നല്‍കാമെന്ന സത്യവാങ്മൂലത്തോടെയാണ് ഉടമകളില്‍ നിന്ന് പഴയ നിരക്ക് ഈടാക്കുന്നത്.