തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ നവജാതശിശു മരണപ്പെട്ട സംഭവത്തിൽ അന്വേഷണം വേണമെന്ന് ആശുപത്രി സൂപ്രണ്ട് ആവശ്യപ്പെട്ടു. ആറ്റിങ്ങൽ ആലംകോട് സ്വദേശി 23 കാരിയായ യുവതി ഏഴാം മാസം വീട്ടിൽ പ്രസവിക്കുകയായിരുന്നു. പ്രസവാനന്തരം കുട്ടിയെ ആംബുലൻസിൽ ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തിയപ്പോഴേക്കും നവജാതശിശുവിൻ്റെ ജീവൻ നഷ്‌ടമായിരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. ഭർത്താവ് വിദേശത്തായ യുവതിക്ക് ഗർഭകാല ചികിത്സകൾ ചെയ്യുന്നതിനുള്ള സാഹചര്യങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് യുവതി ഡോക്ടർമാരോട് പറഞ്ഞത്.
എന്നാൽ, യുവതി മറ്റേതെങ്കിലും ചികിത്സാ
സമ്പ്രദായങ്ങൾ സ്വീകരിച്ചിട്ടുണ്ടോ എന്നുള്ള
കാര്യത്തെക്കുറിച്ച് കൂടുതൽ അന്വേഷണം
ആവശ്യമാണെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.
ആറ്റിങ്ങൽ ആലംകോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അക്വാപഞ്ചർ കേന്ദ്രങ്ങളിൽ ചികിത്സ തേടിയ ഗർഭിണികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതിനെത്തുടർന്ന് ആശുപത്രി
അധികൃതർ ഇത്തരം കേന്ദ്രങ്ങളെക്കുറിച്ച് ജില്ലാ
കളക്ടർക്ക് മുമ്പ് റിപ്പോർട്ട് നൽകിയിരുന്നതായും ആശുപത്രി സൂപ്രണ്ട് പറഞ്ഞു. ആശുപത്രിയിൽ നിന്നും പൊലീസിന് വിവരം നൽകിയതനുസരിച്ച് ആറ്റിങ്ങൽ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി. യുവതിയുടെ
ഭർത്താവിന്റെ പിതാവ് അബ്‌ദുൽ വാഹിദിന്റെ
മൊഴിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക
മരണത്തിന് ആറ്റിങ്ങൽ പോലീസ് കേസെടുത്തിട്ടുണ്ട്.
