ഇറാന്റെ തലസ്ഥാന നഗരമായ ടെഹ്‌റാന്റെ വ്യോമപരിധി പിടിച്ചടക്കി എന്ന പ്രസ്താവന നടത്തിയതിനു പിന്നാലെ നഗരത്തിലെ ജനങ്ങളോട് എത്രയുംവേഗം ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവശ്യപ്പെട്ടു. ടെഹ്‌റാന്റെ വ്യോമപരിധി പൂര്‍ണമായും നിയന്ത്രണത്തിലാക്കിയെന്ന് ഇസ്രയേല്‍ പ്രതിരോധന സേന ഇന്നലെ തന്നെ അവകാശപ്പെട്ടിരുന്നു.
ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധം ഇന്നലെയും രൂക്ഷമായി തുടർന്നു. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി നടന്ന ആക്രമണത്തില്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ലോഞ്ചറുകളില്‍ മൂന്നിലൊന്നും പ്രതിരോധസേന തകര്‍ത്തതായി ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നു. പിന്നാലെയാണ് ഇപ്പോള്‍, അധികം വൈകാതെ ടെഹ്‌റാനുമേല്‍ ഇസ്രയേല്‍ ആക്രമണം നടത്തുമെന്നും അതിനുമുമ്പ് ജനങ്ങള്‍ അവിടെനിന്നും ഒഴിഞ്ഞുപോകണമെന്നും നെതന്യാഹു ആവശ്യപ്പെട്ടിരിക്കുന്നത്.
‘ടെഹ്‌റാനു മുകളിലുള്ള ആകാശം ഇപ്പോള്‍ പൂര്‍ണമായും ഇസ്രയേല്‍ വ്യോമസേനയുടെ നിയന്ത്രണത്തിലാണ്. നഗരത്തിലെ പ്രധാനപ്പെട്ട ഭരണകേന്ദ്രങ്ങളെല്ലാം ഞങ്ങള്‍ ഉടന്‍ ആക്രമിക്കും. ഇറാനെ പോലെ സാധാരണ ജനങ്ങളെ കൊന്നൊടുക്കാന്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടു തന്നെ, ടെഹ്‌റാനിലെ ജനങ്ങളോട് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്, അവിടെനിന്നും ഒഴിഞ്ഞുപോകൂ, പിന്നാലെ ഞങ്ങള്‍ ആക്രമിക്കും.’ നെതന്യാഹു ഇന്നലെ വൈകീട്ടോടെ ടെല്‍ നോഫിലെ വ്യോമതാവളത്തില്‍വെച്ച് അറിയിച്ചു.