തിരുവനന്തപുരം ആര്യനാടുള്ള ചെമ്പകമംഗലം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഉത്സവ പറമ്പിലെ താൽക്കാലിക കച്ചവടക്കാർ തമ്മിലുണ്ടായ അടിപിടിയിൽ ഒരാൾക്ക് കത്തിക്കുത്തേറ്റു. മലയൻ കീഴ് സ്വദേശി ഹരിയ്ക്കാണ് കുത്തേറ്റത്. ഇയാളുടെ കടയിൽ സാധനങ്ങൾ എടുത്തു കൊടുക്കാൻ നിന്ന ബൈജുവാണ് വിൽക്കാൻ വച്ചിരുന്ന പുതിയ മൂർച്ചയേറിയ കത്തികൊണ്ട് ഹരിയെ കുത്തിയത്. ഹരി ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ബൈജുവിൻ്റെ കാമുകിയോട് ഹരി തന്നെപ്പറ്റി അപവാദം പറഞ്ഞു എന്നതാണത്രേ കുത്തി പരിക്കേൽപ്പിക്കാൻ കാരണമെന്ന് പൊലിസ് പിടിയിലായ ബൈജു പറഞ്ഞു. ഇതു ചോദിക്കാൻ ഉത്സവ പറമ്പിലെ താൽക്കാലിക കടയിലെത്തിയ ബൈജുവും ഹരിയും തമ്മിൽ വാക്കുതർക്കമായി. തുടർന്ന് പിടിവലിയായി. ഇതിനിടയിലാണ് വിൽക്കാൻ വച്ചിരുന്ന കത്തിയെടുത്ത് ബൈജു ഹരിയെ കുത്തിയത്. വയറിൽ കുത്തേറ്റ ഹരി അതീവ ഗുരുതരാവസ്ഥയിലാണ്. സംഭവശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ പൊലിസ് പിടി കൂടുകയായിരുന്നു. കോടതി ബൈജുവിനെ റിമാൻ്റ് ചെയ്തിരിക്കുകയാണ്.