ഡെൽഹിക്ക് വീണ്ടും വനിതാ മുഖ്യമന്ത്രി. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കുമൊടുവിൽ രേഖ ഗുപ്ത എന്ന മഹിളാ മോർച്ച ദേശീയ വൈസ് പ്രസിഡൻ്റ് ഡെൽഹി ഭരണം നയിക്കുമെന്ന് ബി ജെ പി നേതാക്കൾ അറിയിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് 4.30ന് രാംലീല മൈതാനിയിൽ രേഖ സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏൽക്കും. ഇതുവരേയും മുഖ്യമന്ത്രിയാകും എന്നു പറഞ്ഞു കേട്ട പർവേഷ് വർമ ഉപമുഖ്യമന്ത്രിയാണ്. സ്പീക്കറായി വിജേന്ദ്ര ഗുപ്തയേയും ബി ജെ പി പ്രഖ്യാപിച്ചിട്ടുണ്ട്.
27 വർഷങ്ങൾക്കു ശേഷമാണ് ബി ജെ പി ഡെൽഹി ഭരണത്തിൽ തിരിച്ചെത്തുന്നത്. അതു കൊണ്ടു തന്നെ ആഘോഷ പരിപാടികൾക്ക് ഒട്ടും കുറവുണ്ടാകില്ല എന്നാണ് ബി ജെ പി വൃത്തങ്ങളിൽ നിന്നുള്ള സൂചനകൾ. സത്യപ്രതിജ്ഞാ ചടങ്ങ് വലിയ സംഭവമാക്കി മാറ്റാൻ തന്നെയാണ് ബി ജെ പി ഉദേശിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കൊപ്പം ബി ജെ പി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് അറിയുന്നത്. സത്യപ്രതിജ്ഞാ ചടങ്ങുകളുടെ ഏകോപന ചുമതല ബി ജെ പി യുടെ രണ്ട് മുതിർന്ന ജനറൽ സെക്രട്ടറിമാർക്ക് നൽകിയിട്ടുണ്ട്.
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന രേഖ ഗുപ്ത നിലവിൽ മഹിളമോർച്ച ദേശീയ വൈസ് പ്രസിഡൻ്റാണ്. 29,595 വോട്ടുകൾക്ക് എ എ പി സ്ഥാനാർത്ഥിയെ ഷാലിമാർ ബാഗ് മണ്ഡലത്തിൽ പരാജയപ്പെടുത്തിയാണ് അവർ ഡെൽഹി നിയമസഭയിൽ എത്തിയത്