ഇടുക്കി ജില്ലയിലെ മാങ്കുളത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. അസം സ്വദേശിയും അതിഥി തൊഴിലാളിയുമായ ജയ് ഗോപാൽ മണ്ഡലാണ് മരിച്ചത്. 21 വയസായിരുന്നു ജയ്ഗോപാലിൻ്റെ പ്രായം. ബ്രേക്കിംഗ് സംവിധാനത്തിനു തകരാർ സംഭവിച്ച മിനി ലോറി വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ലോറിയുടെ പിറകിലാണ് ജയ്ഗോപാൽ നിന്നിരുന്നത്. മറ്റൊരു തൊഴിലാളിക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
തമിഴ്നാട്ടിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ കാറുമായാണ് മിനിലോറി കൂട്ടി ഇടിച്ചത്. ഈ വാഹനത്തിലുണ്ടായിരുന്ന രണ്ടു സ്ത്രീകൾക്കും പരിക്കു പറ്റിയിട്ടുണ്ട്. ജയ്ഗോപാലിൻ്റെ മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. അപകടത്തിൽ പരിക്കു പറ്റിയ മറ്റുള്ളവർ ആശുപത്രിയിൽ ചികിത്സയിലാണ്.
