ഇറാനും ഇസ്രയേലും തമ്മിലുള്ള ആക്രമണം ശക്തമായതോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിലായി. ഇന്നു പുലർച്ചെ ഇസ്രയേൽ തുടങ്ങിവച്ച ആക്രമണങ്ങളുടെ തുടർച്ച എന്ന വണ്ണം ഇപ്പോഴും ഇരു രാജ്യങ്ങളും തമ്മിൽ രൂക്ഷമായ യുദ്ധം തുടരുകയാണ്. ടെഹറാനിൽ നിന്ന് അൽപ്പം മുമ്പും സ്ഫോടന ശബ്ദം കേട്ടതായാണ് പുറത്തുവരുന്ന വിവരം.
ഇസ്രയേൽ ആക്രമണത്തിന് ഇറാൻ തിരിച്ചടി നൽകിയതിനു പിന്നാലെയാണ് ഇറാനു നേരേ വീണ്ടും ആക്രമണമുണ്ടായത്. ഇറാനും തിരിച്ചടി തുടരുകയാണെന്നാണ് മനസിലാകുന്നത്. യെമനിൽ നിന്നും ഇസ്രായേലിലേക്ക് അതിരൂക്ഷമായ റോക്കറ്റ് ആക്രമണം തുടരുകയാണ്. ഇറാൻ ആക്രമണം കടുപ്പിച്ചതോടെ ജെറുസലേമിൽ മുന്നറിയിപ്പ് സൈറൺ മുഴങ്ങിയിട്ടുണ്ട്.
പശ്ചിമേഷ്യ യുദ്ധ ഭീതിയിലായതോടെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് അമേരിക്ക പറഞ്ഞു. ഇസ്രയേലിനെ സഹായിക്കാനായി അമേരിക്കൻ യുദ്ധക്കപ്പലുകൾ അടക്കം സജ്ജമാക്കുന്നതായും റിപ്പോർട്ടുകൾ പുറത്തു വരുന്നു. എന്നാൽ അക്രമണത്തിനായല്ല യുദ്ധക്കപ്പലുകൾ ഒരുക്കുന്നതെന്നും അത് സൈന്യത്തിൻ്റെ സ്ഥിരം ക്രമീകരണങ്ങൾ മാത്രമാണെന്നുമാണ് അമേരിക്ക നൽകുന്ന വിശദീകരണം.
എന്നാൽ ഇറാനെതിരെ ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. ഇറാൻ ആണവ നിർവ്യാപന കരാറിൽ ഒപ്പിട്ടില്ലെങ്കിൽ ഇതിലും രൂക്ഷമായ ആക്രമണം ഇനി നേരിടേണ്ടി വരുമെന്ന് ട്രംപ് പറഞ്ഞു. ആണവ പദ്ധതിയിൽ നിന്ന് ഇറാൻ പിൻവാങ്ങണമെന്നത് ഏറെക്കാലമായുള്ള ആവശ്യമാണ്. എന്നാൽ ഇനിയും അവർ അതിന് തയ്യാറായില്ലെങ്കിൽ അതിരൂക്ഷമായ ആക്രമണം ഏറ്റുവാങ്ങേണ്ടിവരുമെന്നും അമേരിക്കൻ പ്രസിഡന്‍റ് പറയുന്നു. ഇസ്രയേലിൽ നിന്ന് ഇന്ന് പുലർച്ചെ ഇറാനു കിട്ടിയതിലും വലുത് ഏറ്റുവാങ്ങേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു.
