അതിരപ്പിള്ളിയിൽ വനപാലകർ സഞ്ചരിച്ച വാഹനത്തിനു നേരേ കാട്ടാന ആക്രമണമുണ്ടായി. ചാർപ്പ റേഞ്ചിൽ ഉൾപ്പെട്ട കണ്ണംകുഴി ഫോറസ്റ്റ് സ്റ്റേഷനിലെ രണ്ടു വനപാലർക്ക് സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്. ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന ജീപ്പിനുനേരേ പാഞ്ഞടുത്ത കാട്ടാന ജീപ്പ് കൊമ്പു കൊണ്ട് കുത്തി തലകീഴായി മറിക്കുകയായിരുന്നു. വനം വകുപ്പിലെ ഡെപ്യൂട്ടി റേഞ്ച് ഓഫിസറായ റിയാസ്, വാച്ച്മാൻ ഷാജു എന്നിവർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഉൾക്കാടുകളിൽ പരിശോധന നടത്തി മടങ്ങി വന്ന ആറംഗ ഉദ്യോഗസ്ഥ സംഘം സഞ്ചരിച്ച ജീപ്പാണ് ആന കുത്തി മറിച്ചിട്ടത്. ജീപ്പു മറിയുന്നതിനിടെ റിയാസും ഷാജുവും പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. പിന്നാലെ മറ്റു നാലു പേരും ജീവനും കൊണ്ട് ഓടിരക്ഷപ്പെട്ടു. മൂന്നു ദിവസം ഉൾവനത്തിലെ പരിശോധനകൾക്കു ശേഷം മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. ഏറെ നേരം ജീപ്പിനു നേരേ പരാക്രമം നടത്തിയ ആന തിരികെ കാട്ടിലേക്കു കയറി പോയി.
