തെന്നിന്ത്യ കീഴടക്കിയതിനു ശേഷം ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് സംഗീതസംവിധായകനും ഗായകനുമായ അനിരുദ്ധ് രവിചന്ദർ.32കാരനായ അനിരുദ്ധിന്റെ കരിയർ വളർച്ച ആരെയും അതിശയിപ്പിക്കുന്നതാണ്. 21 വയസ്സിൽ സിനിമയിൽ അരങ്ങേറ്റം,പിന്നീട് നിരവധി ഹിറ്റുകൾ, ആഗോളതലത്തിൽ ട്രെൻഡിംഗായ ഗാനങ്ങൾ…. കോടികൾ പ്രതിഫലം.ഇന്ന് ബോളിവുഡിൽ വരെ എത്തിനിൽക്കുകയാണ് ഈ ചെറുപ്പക്കാരന്റെ പേര്.
1990 ഒക്‌ടോബർ 16ന് ചെന്നൈയിൽ ആണ് അനിരുദ്ധ് ജനിച്ചത്.നടൻ രവി രാഘവേന്ദ്രയുടെ മകനായ അനിരുദ്ധ് രജനികാന്തിന്റെ അടുത്ത ബന്ധുവാണ്. രജനികാന്തിന്റെ ഭാര്യ ലത രജനീകാന്തിന്റെ സഹോദരപുത്രനാണ് അനിരുദ്ധ്.

ചെന്നൈയിലെ പ്രശസ്തമായ ലയോള കോളേജിൽ നിന്നുമാണ് അനിരുദ്ധ് ബിരുദം നേടിയത്. പിന്നീട് ലണ്ടനിലെ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിൽ നിന്നും പിയാനോ പഠിച്ചു.അവിടെ ഒരു ഫ്യൂഷൻ ബാൻഡിന്റെ ഭാഗമായും അനിരുദ്ധ് പ്രവർത്തിച്ചിരുന്നു. ഇന്ത്യയിൽ തിരിച്ചെത്തിയ അനിരുദ്ധ് ചെന്നൈയിലെ സൗണ്ട്‌ടെക്-മീഡിയയിൽ നിന്നു സൗണ്ട് ഡിസൈനിംഗ് കോഴ്‌സ് ചെയ്തു.
ചെറുപ്പത്തിൽ തന്നെ സംഗീതത്തോടു അഭിനിവേശം പ്രകടിപ്പിച്ച അനിരുദ്ധ് 2012ൽ പുറത്തിറങ്ങിയ 3 എന്ന ചിത്രത്തിൽ ‘വൈ ദിസ് കൊലവെറി ഡി’എന്ന ഗാനം ചെയ്തുകൊണ്ടാണ് സിനിമയിലേക്ക് എത്തിയത്.ഈ ട്രാക്ക് ആഗോള തലത്തിൽ തന്നെ ശ്രദ്ധ നേടി,യൂട്യൂബിൽ കൊടുങ്കാറ്റായി മാറിയ ഈ ഗാനത്തിനൊപ്പം അനിരുദ്ധും ശ്രദ്ധ നേടി. ആദ്യഗാനം ഹിറ്റാവുമ്പോൾ അനിരുദ്ധിന് പ്രായം 21 വയസ്സ്.

അനിരുദ്ധിന്റെ കരിയറിലെ നിർണായകമായ മറ്റൊരു നിമിഷം വിജയ് ചിത്രം‘കത്തി'(2014) യ്ക്കു വേണ്ടി സംഗീതമൊരുക്കിയതാണ്.ചിത്രത്തിലെ ‘സെൽഫി പുള്ള’ എന്ന സെൻസേഷൻ ട്രാക്കും വൈറലായി.മൂന്നു ഫിലിംഫെയർ അവാർഡുകൾ,ഒമ്പത് സൈമ അവാർഡുകൾ,ആറ് എഡിസൺ അവാർഡുകൾ,അഞ്ച് വിജയ് അവാർഡുകൾ എന്നിങ്ങനെ തെന്നിന്ത്യൻ സിനിമാലോകത്ത് നിരവധി പുരസ്കാരങ്ങളുമായി തന്റെ ഇടം ഉറപ്പിക്കുകയായിരുന്നു ഈ ചെറുപ്പക്കാരൻ.
