ചിന്നക്കനാലിൽ നിന്ന് നമ്മൾ കടത്തിവിട്ട അരി കൊമ്പനെ ആരും മറന്നിട്ടുണ്ടാവില്ല. ഏഴുപേരുടെ ജീവനെടുത്തു, 70 ഓളം വീടുകളും കടകളും തകർത്തു. റേഷനരിയുടെ മത്തു പിടിപ്പിക്കുന്ന ഗന്ധം ആസ്വദിക്കാനും വയറു നിറയെ കഴിക്കാനും ഈ കൊമ്പൻ കാണിക്കാത്ത പരാക്രമങ്ങളില്ല. ഒടുവിൽ അരി കൊമ്പനെന്ന ചീത്തപ്പേരും കാടുകടത്തലും മിച്ചം. ചിന്നക്കനാലിൽ നിന്നു മയക്കുവെടി വച്ച് പിടി കൂടി പെരിയാർ കടുവാ സങ്കേതത്തിലേക്കും പിന്നെ തിരുനൽ വേലി മുണ്ടൻതുറൈ വന്യജീവി സങ്കേതത്തിലേക്കും അഭയാർത്ഥിയായി എത്തിയ അരിക്കൊമ്പൻ ഇപ്പോൾ ഹാപ്പിയാണെന്നാണ് അവിടന്നുള്ള വിവരം.
പ്രകൃതിദത്തമായ ഇലകളും പുല്ലുകളും പഴങ്ങളുമാണ് ഇപ്പോൾ അരിക്കൊമ്പന് പഥ്യം. റേഷനരി എന്നു കേട്ടാൽ അറിയുന്ന ഭാവം പോലുമില്ല. പുതിയ മെനുവിൽ അവൻ സമ്പൂർണ സന്തോഷവാനാണെന്ന് മുണ്ടൻതുറൈ ടൈഗർ റിസർവ് ഡയറക്ടർ പറയുന്നു. 2005 മുതലാണ് തീറ്റതേടി കൊമ്പൻ നാടുകയറുന്നത്. വീടുകൾ, റേഷൻ കടകൾ, ഏലം സൂക്ഷിക്കുന്ന ഗോഡൗണുകൾ ഒക്കെയായി ഇരുനൂറോളം കെട്ടിടങ്ങൾ അവൻ പൂർണമായോ ഭാഗികമായോ തകർത്തു. 30 ഓളം പേർക്ക് അവൻ്റെ ആക്രമണത്തിൽ പരിക്കുപറ്റി. പിന്നാലെ അരിക്കൊമ്പൻ്റെ ആക്രമണത്തിൽ സഹികെട്ട് ജനം അധികൃതർക്ക് എതിരെ തിരിഞ്ഞു. തുടർന്ന് മയക്കുവെടി വച്ച് പിടികൂടി നാടുകടത്താൻ തീരുമാനിക്കുന്നു.
റേഡിയോ കോളർ ഘടിപ്പിച്ച് കാട്ടിൽ വിടാൻ ശ്രമം തുടങ്ങി. അഞ്ചു തവണ മയക്കുവെടി വച്ചാണ് കോളർ പിടിപ്പിച്ചത്. ആനിമൽ ആംബുലൻസിൽ കയറ്റിക്കൊണ്ടു പോയ അരിക്കൊമ്പനെ കാണാൻ റോഡിനിരുവശവും ആളുകൾ തടിച്ചു കൂടിയിരുന്നു. അങ്ങനെ ഒരു സൂപ്പർസ്റ്റാർ പരിവേഷത്തിൽ കാടുകടത്തിയ അരിക്കൊമ്പൻ ഇപ്പോൾ ശാന്തനും സമാധാന പ്രിയനുമാണ് എന്നാണ് തമിഴ്നാട് വനം വകുപ്പിൻ്റെ അഭിപ്രായം.
