ശബരിമലയിൽ തീർത്ഥാടനത്തിനെത്തുന്ന ഭക്തർ ഇരുമുടികെട്ടു നിറയ്ക്കുമ്പോൾ ചന്ദനത്തിരി, കർപ്പൂരം, പനിനീർ എന്നിവ ഒഴിവാക്കണമെന്ന് കാണിച്ച് തന്ത്രി കണ്ഠര് രാജീവര് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റിനു കത്തു നൽകി. ഇരുമുടിയിൽ എന്തൊക്കെ ഉൾപ്പെടുത്തണം എന്തൊക്കെ ഒഴിവാക്കണം എന്നതിനെ സംബന്ധിച്ചും തന്ത്രി കത്തിൽ പരാമർശിച്ചിട്ടുണ്ട്. ഒഴിവാക്കാൻ നിർദേശിച്ച പൂജാ സാമഗ്രികൾ ഇപ്പോൾ ശബരിമലയിൽ ഉപയോഗിക്കാറില്ലെന്നും കത്തിൽ പറയുന്നു.
സാധാരണയായി ഭക്തർ കൊണ്ടുവരുന്ന പ്ലാസ്റ്റിക് അടക്കമുള്ള സാധനങ്ങളും കൊണ്ടുവരരുത് എന്നാണ് നിർദേശം. ഇരുമുടിക്കെട്ടിനെ രണ്ടു ഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. മുൻ കെട്ടിൽ പൂജാസാധനങ്ങളും പിൻകെട്ടിൽ ആഹാര പദാർത്ഥങ്ങളുമാണ് കൊണ്ടുവരുന്നത്. ഉണക്കലരി, കദളിപ്പഴം,വെറ്റില, നെയ്ത്തേങ്ങ, ശർക്കര,അടയ്ക്ക, സ്വർണ്ണം അല്ലെങ്കിൽ നാണയം (കാണിപ്പൊന്ന്) എന്നിവ മാത്രമേ മുൻകെട്ടിൽ പാടുള്ളു. പണ്ടു കാലങ്ങളിൽ കാൽനടയായി മല കയറിയിരുന്നവർ ഇടത്താവളങ്ങൾ ഒരുക്കി ഭക്ഷണമുണ്ടാക്കാൻ വേണ്ടിയാണ് അരിയും തേങ്ങയും പിൻകെട്ടിൽ കൊണ്ടുവന്നിരുന്നത്. എന്നാൽ ഇപ്പോൾ എല്ലായിടത്തും ഭക്ഷണം സുലഭമായതിനാൽ ഇത്തരം സാധനങ്ങൾ ഇരുമുടിയിൽ കൊണ്ടുവരേണ്ടതില്ല. കുറച്ച് അരി മാത്രം കരുതി, അത് സമർപ്പിച്ച് വെള്ള നിവേദ്യം വാങ്ങാനാകും.
തന്ത്രിയുടെ നിർദേശങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗീകരിച്ചതായി അറിയിച്ചു. ഈ നിർദേശങ്ങൾ കെട്ടു നിറയ്ക്കുമ്പോൾ പാലിയ്ക്കണമെന്ന് കാണിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള 1252 ക്ഷേത്രങ്ങളിലെ ഗുരുസ്വാമിമാർക്ക് കത്തു നൽകും. മറ്റു ദേവസ്വം ബോർഡുകളിലെ അധ്യക്ഷൻമാരെയും തന്ത്രിയുടെ നിർദേശം അറിയിക്കും. കൂടാതെ ഭക്തർ ഇക്കാര്യം മനസിലാക്കി പ്രവർത്തിക്കാൻ അഭ്യർത്ഥിക്കുന്നതായും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് അറിയിച്ചു.
