തമിഴ് സിനിമയെ ആധുനികതയിലേക്ക് നയിച്ച വിഖ്യാത ചലച്ചിത്ര പ്രതിഭയായിരുന്നു തെന്നിന്ത്യന്‍ സിനിമയ്ക്ക് ഗുരുതുല്യനായ കെ ബാലചന്ദര്‍.
45 വര്‍ഷംനീണ്ട കലാജീവിതത്തില്‍ തിരക്കഥാകൃത്തും സംവിധായകനുമായി തമിഴ്, തെലുങ്ക്, കന്നട, മലയാളം, ഹിന്ദി ഭാഷകളില്‍ നൂറിലേറെ സിനിമകളൊരുക്കിയ അദ്ദേഹത്തിന് 2010- ൽ ചലച്ചിത്ര രംഗത്തെ പരമോന്നത അംഗീകാരമായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.
1930 ജൂലൈ 9-ന് തഞ്ചാവൂരിലെ തമിഴ് ബ്രാഹ്മണ കുടുംബത്തിൽ ദണ്ഡപാണിയുടെയും സരസ്വതിയുടെയും മകനായി ജനിച്ചു. ചിദംബരത്തെ അണ്ണാമലൈ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി എസ് സി സുവോളജി ബിരുദം നേടിയ ശേഷം തിരുവാരൂർ ജില്ലയിലെ മുത്തുപ്പേട്ടയിൽ സ്‌കൂൾ അധ്യാപകനായി ഔദ്യോഗിക ജീവിതം തുടങ്ങി. പിന്നീട് ആ ജോലി വിട്ട് 1960 കളിൽ അക്കൗണ്ടന്റ് ജനറൽ ഓഫിസിൽ സൂപ്രണ്ടായി ജോലിചെയ്തു കൊണ്ടിരുന്ന കാലത്ത് തന്നെ നാടകരചനക്കും സംവിധാനത്തിനും സമയം കണ്ടെത്തി. സാമൂഹിക പ്രതിബദ്ധതയുള്ള നാടകങ്ങളിലൂടെ അദ്ദേഹം അക്കാലത്ത് പ്രേക്ഷക ശ്രദ്ധയാകർഷിച്ചിരുന്നു.
തമിഴിനു പുറമേ തെലുങ്ക്, കന്നഡ, ഹിന്ദി ചലച്ചിത്ര മേഖലയില്‍ തന്റേതായ ഇടം സൃഷ്ടിച്ച ബാലചന്ദര്‍ മലയാളത്തില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകന്മാരാക്കി ‘ഇടനിലങ്ങളെ’ന്ന ചിത്രം നിര്‍മിച്ചിട്ടുണ്ട്. ഐ വി ശശിയായിരുന്നു ചിത്രത്തിൻ്റെ സംവിധായകൻ.

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ താരങ്ങളായ രജനികാന്തും കമല്‍ഹാസനും അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവനകളായി കണക്കാക്കുന്നു. അദ്ദേഹം സംവിധാനം ചെയ്ത അപൂര്‍വരാഗ (1975) മായിരുന്നു രജനികാന്തിന്റെ അരങ്ങേറ്റ സിനിമ. കമല്‍ഹാസന്റെ അഭിനയപ്രതിഭ വെളിപ്പെട്ടതും ബാലചന്ദര്‍ ചിത്രങ്ങളിലൂടെ. സരിത, ജയപ്രദ, സുജാത, മോഹന്‍, പ്രകാശ് രാജ്, വിവേക് തുടങ്ങി നൂറിലേറെ അഭിനേതാക്കളെ അദ്ദേഹം അവതരിപ്പിച്ചു. 60-70 കളിലെ പ്രമുഖനായകന്‍ മുത്തുരാമന്‍, ജെമിനി ഗണേശന്‍, സൗക്കാര്‍ ജാനകി, നാഗേഷ് എന്നിവരുടെ വളര്‍ച്ചയിലും നിര്‍ണായക പങ്കുവഹിച്ചു.
ഉയരങ്ങള്‍ കീഴടക്കിയ സംവിധായകന്‍ എന്നര്‍ഥം വരുന്ന ഇയക്കുനര്‍ ശിഖരം എന്നാണ് തമിഴ് സിനിമാലോകം അദ്ദേഹത്തെ അഭിസംബോധന ചെയ്തിരുന്നത്. കറുപ്പും വെളുപ്പും കാലഘട്ടത്തില്‍നിന്ന് തെന്നിന്ത്യന്‍ സിനിമയെ നിറമുള്ള പുത്തന്‍ കാലത്തേക്ക് നയിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ചു ബാലചന്ദർ. പുരാണകഥകളിലും അമിത നാടകീയതകളിലും ഉടക്കിക്കിടന്ന തമിഴ്- തെലുങ്ക് സിനിമകളില്‍ സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങള്‍ കൊണ്ടുവന്ന് മാറ്റം സൃഷ്ടിച്ചു. പരമ്പരാഗത തമിഴ് സിനിമയില്‍ പൊളിച്ചെഴുത്തു നടത്തിയ ശക്തമായ സ്ത്രീ കഥാപാത്രങ്ങളായിരുന്നു അദ്ദേഹത്തിന്റെ സിനിമകളുടെ മുഖമുദ്ര.

ആധുനികലോകത്തെ സങ്കീര്‍ണമായ വ്യക്തിബന്ധങ്ങളും സാമ്പ്രദായികമല്ലാത്ത പ്രമേയങ്ങളും അദ്ദേഹത്തിന്റെ സിനിമകളെ കാലികമാക്കി. ആരും കൈവയ്ക്കാന്‍ മടിക്കുന്ന പ്രമേയങ്ങള്‍ അപാര കൈത്തഴക്കത്തോടെ അദ്ദേഹം അവതരിപ്പിച്ചു. 1960- 80 കാലഘട്ടത്തിലാണ് അദ്ദേഹത്തിന്റെ വിഖ്യാത ചിത്രങ്ങളേറെയും ജന്മംകൊണ്ടത്. അദ്ദേഹത്തിന്റെ കവിതാലയ പ്രൊഡക്ഷന്‍സ് തമിഴ് ഓഫ്ബീറ്റ് സിനിമകളുടെ ഈറ്റില്ലമായി. സര്‍ക്കാര്‍ ജോലിയിലിരിക്കെ എം ജി ആറിന്റെ ദൈവതായു (1964)യുടെ സംഭാഷണം രചിച്ചുകൊണ്ട് സിനിമയിലെത്തി. നാഗേഷ് കേന്ദ്രകഥാപാത്രമായ നീര്‍കുമിഴി (1965) യാണ് ആദ്യചിത്രം. സുജാത നായികയായ ശക്തമായ സ്ത്രീപക്ഷ സിനിമ അവള്‍ ഒരു തുടര്‍കഥൈ (1974), അപൂര്‍വ രാഗങ്ങള്‍ (1976), ആധുനിക യുവതിയുടെ കുടുംബജീവിതം അവതരിപ്പിച്ച അവര്‍ഗള്‍ (1977), 80 കളിലെ യുവതയുടെ നീറുന്ന ജീവിതം പ്രതിഫലിച്ച വരുമയിന്‍ നിറം ശിവപ്പു (1980), ഏറെ ആഘോഷിക്കപ്പെട്ട പ്രണയ സിനിമ ഏക് ദുജേ കേലിയെ, തണ്ണീര്‍ തണ്ണീര്‍ (1981), അച്ചമില്ലൈ അച്ചമില്ലൈ (1984), സിന്ധു ഭൈരവി (1985), ഒരുവീട് ഇരുവാസല്‍ (1990) തുടങ്ങിയവ ശ്രദ്ധേയ രചനകള്‍.
പാര്‍ത്താലെ പരവേശമാണ് ബാലചന്ദറിൻ്റെ നൂറാമത്തെ ചിത്രം. പൊയ് (2006) അവസാന സിനിമാ സംരംഭം. രെട്ടൈസുഴി (2010) എന്ന സിനിമയില്‍ പ്രധാനവേഷത്തില്‍ അഭിനയിച്ചു. കമല്‍ഹാസൻ നായകനായ ഉത്തമവില്ലനിലും ശ്രദ്ധേയവേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിരവധി കഥകള്‍ മലയാളസിനിമകള്‍ക്ക് ആധാരമായി. 1969 ല്‍ പുറത്തിറങ്ങിയ ഇരുകോടുകള്‍, അപൂര്‍വ്വ രാഗങ്ങള്‍ (1975), തണ്ണീര്‍തണ്ണീര്‍ (1981), അച്ചമില്ലൈ അച്ചമില്ലൈ (1984) തുടങ്ങിയ ചിത്രങ്ങള്‍ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചു. 1988 ല്‍ പുറത്തിറങ്ങിയ തെലുങ്ക് സിനിമ രുദ്രവീണ ഏറ്റവും മികച്ച ദേശീയോദ്ഗ്രഥന സിനിമയ്ക്കുള്ള നര്‍ഗീസ് ദത്ത് പുരസ്കാരത്തിനര്‍ഹമായി. 1991 ലെ മികച്ച സാമൂഹ്യപ്രസക്തിയുള്ള സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം അദ്ദേഹത്തിന്റെ തന്നെ ‘ഒരുവീട് ഇരുവാസല്‍’ എന്നചിത്രത്തിനും ലഭിച്ചു.

തമിഴ്-പഞ്ചാബി പ്രണയത്തിന്റെ കഥപറയുന്ന ബാലചന്ദറിന്റെ ഹിന്ദിചിത്രം ‘ഏക് ദുജേ കേലിയെ’ ബോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നാണ്. 2006 ല്‍ പുറത്തുവന്ന പൊയ് ആണ് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത സിനിമ.
നാലു തവണ മികച്ച സംവിധായകനുള്ള ദേശീയപുരസ്കാരം നേടി. 1987ല്‍ പത്മശ്രീ ലഭിച്ചു. തമിഴ്നാട്, ആന്ധ്രപ്രദേശ് സര്‍ക്കാരുകളുടെ പരമോന്നത സിനിമാ പുരസ്കാരങ്ങളും ലഭിച്ചു.
2014 ഡിസംബർ 23ന് അന്തരിച്ചു.
