ഓർമയിലെ ഇന്ന് മാർച്ച് 14 – പി ജെ ആൻ്റണി

At Malayalam
2 Min Read

നടന കലയിലെ ഒറ്റയാൻ പി.ജെ. ആന്റണിയുടെ 45-ാം ചരമവാർഷികം മലയാള സിനിമയ്ക്ക് ആദ്യമായി ഭരത് അവാർഡ് നേടിക്കൊടുത്ത… വില്ലൻ വേഷങ്ങളും ഒപ്പം കാമ്പുള്ള വേഷങ്ങളും ചെയ്ത നടൻ, നാടകാചാര്യൻ, ചെറുകഥാകൃത്ത്, ഗാനരചയിതാവ്, നോവലിസ്റ്റ്, ചലച്ചിത്ര സംവിധായകൻ, തിരക്കഥാകാരൻ, അഭിനേതാവ് എന്നീ എല്ലാ മേഖലകളിലും കയ്യൊപ്പു ചാർത്തിയ പി. ജെ. ആന്റണി. മലയാള നാടകവേദിയിൽ പുതിയ രൂപവും ഭാവവും ശൈലിയും നൽകിയ ആന്റണി നാല്‍പതിൽ പരം നാടകങ്ങളാണ് എഴുതിയത്.

1973-ൽ രാഷ്ട്രപതിയുടെ സ്വർണ്ണമെഡലിന്‌ അർഹമായ നിർമ്മാല്യം എന്ന ചിത്രത്തിലെ വെളിച്ചപ്പാടിനെ അവതരിപ്പിച്ച് ഭരത് അവാർഡുനേടിയ പി. ജെ. ആന്റണി അഭിനയ രംഗത്ത് തന്റേതായ സവിശേഷ വ്യക്തിത്വം പുലർത്തിയിരുന്ന ഒരു മഹാപ്രതിഭയായിരുന്നു. 1925 ജനുവരി ഒന്നിന് പനക്കൂട്ടത്തിൽ ജോസഫ് തോമസിന്റെയും എലിസബത്തിന്റെയും മകനായി കൊച്ചിയിലെ പച്ചാളത്ത് ജനനം. ആലുവ അദ്വൈതാശ്രമത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യസം.ചെറുപ്പകാലത്തു തന്നെ കമ്യൂണിസ്റ്റുകാരനായ ആന്റണി നല്ല നാടകങ്ങൾ നിർമിക്കുക എന്ന ഉദ്ദേശത്തോടുകൂടി പി.ജെ. തീയറ്റേഴ്സ് എന്ന നാടകസമിതി രൂപീകരിച്ചു.

നാടകരചനയും സംവിധാനവുമായി നടക്കുന്നതിനിടയിലാണ് ഒട്ടും പ്രതീക്ഷിക്കാതെ 1957 ൽ തകഴിയുടെ “രണ്ടിടങ്ങഴി” എന്ന സിനിമയില്‍ നായകനായി അഭിനിയിക്കുവാനുള്ള അവസരം ലഭിക്കുന്നത്. നാടകാഭിനയത്തിൽ നിന്നും വ്യത്യസ്തമായ അഭിനയ ശൈലി കാഴ്ചവച്ച… കർഷക സമരവും അതിജീവനുമായി നടക്കുന്ന പച്ചയായ കഥാപാത്രമായിരുന്നു രണ്ടിടങ്ങഴിയിൽ പി.ജെയ്ക്ക് ലഭിച്ചത്. തുടർന്ന് നിണമണിഞ്ഞ കാൽപാടുകൾ, അതിഥി, ആദ്യകിരണങ്ങൾ, കാവാലം ചുണ്ടൻ, മുറപ്പെണ്ണ്, അസുരവിത്ത്, ഇരുട്ടിന്റെ ആത്മാവ്, ഭാർഗവി നിലയം, റോസി, കാക്കത്തമ്പുരാട്ടി, ക്രോസ് ബെൽറ്റ്, കാട്ടു കുരങ്ങ്, മുടിയനായ പുത്രൻ, അമ്മയെ കാണാൻ, പുന്നപ്ര വയലാർ, ഇൻക്വിലാബിന്റെ മക്കൾ, നദി, നിർമ്മാല്യം തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. പെരിയാർ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് ചലച്ചിത്ര സംവിധായകനുമായി. തിലകനായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചത്. തിലകനെ ആദ്യമായി സിനിമയിലേക്കു കൊണ്ടു വന്നതും പി ജെ ആൻ്റണിയാണ്.

സിനിമയിൽ അദ്ദേഹം കൈവയ്ക്കാത്ത മേഖലകൾ വളരെ കുറവായിരുന്നു റോസി, ശീലാവതി, സി.ഐ.ഡി നസീർ തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവും രചിച്ചു.മറക്കാനും പിരിയാനും… ജീവിതമൊരു ഗാനം…മനോഹരീ മനോഹരീ… ആകാശഗംഗയിൽ ഞാനൊരിക്കൽ… സ്നേഹസ്വരൂപനാം എൻ ജീവനായകാ… തുടങ്ങി വിപ്ലവഗാനങ്ങളും ലളിതഗാനങ്ങളും ഉൾപ്പെടെ നൂറോളം ഗാനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. തേയവാഴി തമ്പുരാന്റെ… ദയാവതീ… എന്നീ ഗാനങ്ങൾ ആലപിച്ചു. ഇതാ മനുഷ്യൻ, ഒരു ഗ്രാമത്തിന്റെ ആത്മാവ് എന്നീ നോവലുകളും പുകച്ചുരുളുകൾ, കലകവൻ, നാലു ദിവസങ്ങൾ, എണ്ണയില്ലാത്ത വിളക്ക്, ചിലമ്പൊലി, തകർന്ന വീണ, ആ മോക്ഷം നിങ്ങൾക്കു വേണ്ട ഉൾപ്പെടെ നിരവധി ചെറുകഥകളും രചിച്ചിട്ടുണ്ട്.

- Advertisement -

1974 ൽ നിർമാല്യത്തിലൂടെയാണ് ഇന്ത്യൻ പ്രസിഡന്റിൽ നിന്ന് ഏറ്റവും മികച്ച നടനുള്ള ഭരത് അവാർഡും ആ വർഷത്തെ സംസ്ഥാന അവാർഡും അഭിനയത്തിനുള്ള ഫിലിം ഫാൻസ് അസ്സൊസിയേഷന്റെ അഞ്ച് അവാർഡുകളും ലഭിച്ചിട്ടുണ്ട്. പി എ ബക്കറിന്റെ മണ്ണിന്റെ മാറിൽ (1979) ആയിരുന്നു അവസാന ചിത്രം. 1979 മാർച്ച്‌ 14 ന് അന്തരിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment