പെരുമ്പാവൂരിൽ അതിഥി തൊഴിലാളി കൊല്ലപ്പെട്ട കേസിൽ മറ്റൊരു അതിഥി തൊഴിലാളി ഒളിവിൽ. കൊല്ലപ്പെട്ടയാളും കൊലപാതകിയും ഒഡിഷ സംസ്ഥാനത്തു നിന്നുള്ളവരാണന്ന് പൊലിസ് അറിയിച്ചു. പെരുമ്പാവൂർ വടയ്ക്കാട്ടുപടിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന ആകാശ് ആണ് അഞ്ജൻ നായിക് എന്ന ആളിൻ്റെ കുത്തേറ്റു മരിച്ചത്. മരിച്ച 34 കാരനായ ആകാശിൻ്റെ കുടുംബവും പെരുമ്പാവൂരിലാണ് ആകാശിനൊപ്പം താമസിക്കുന്നത്.
കൊലപാതക ശേഷം അഞ്ജൻ ഓടി രക്ഷപ്പെടുകയായിരുന്നു. ഒരേ വാടക കെട്ടിടത്തിലാണ് കുറേ നാളുകളായി ഇവർ താമസിയ്ക്കന്നത്. ഇന്നലെ വൈകിട്ട് ഇരുവരും തമ്മിൽ വാക്കു തർക്കവും ചെറിയ തോതിൽ കയ്യേറ്റവുമുണ്ടായതായി അയൽ വാസികൾ പറയുന്നു. ഇതാവാം കൊലപാതകത്തിനു കാരണമെന്ന് കരുതുന്നു.
കത്തിക്കുത്തിൽ ഗുരുതരമായി പരിക്കേറ്റ ആകാശിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയതായി പൊലിസ് അറിയിച്ചു