ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകൾക്ക് 200 പ്രവൃത്തി ദിനങ്ങളാവും ഇനി മുതൽ ഉണ്ടാവുക. ആറു മുതൽ എട്ടുവരെ ക്ലാസുകളിലും പ്രവൃത്തി ദിനങ്ങൾ 200 ആയി നിജപ്പെടുത്തുന്നത് സംബന്ധിച്ചും പരിശോധിക്കും. വിദ്യാഭ്യാസ ഗുണമേന്മാ സമിതി, സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിയുടെ നേതൃത്വത്തിൽ കൂടി ആലോചിച്ചാണ് ഈ തീരുമാനമെടുത്തത്.
ഒമ്പത്, പത്ത് ക്ലാസുകളുടെ പ്രവൃത്തി സമയത്തിൽ അധ്യാപക സംഘടനകൾ അതൃപ്തിയും പ്രതിഷേധവും അറിയിച്ച സാഹചര്യത്തിൽ കോടതി ഉത്തരവു പ്രകാരം തീരുമാനമുണ്ടാകും. 220 ആണ് ഒമ്പത്, പത്ത് ക്ലാസുകളിലെ പ്രവൃത്തി ദിനങ്ങളായി നിലവിൽ തീരുമാനിച്ചിരിക്കുന്നത്. അധികമായി വരുന്ന ശനിയാഴ്ചകൾ സാധ്യായന ദിവസങ്ങളാക്കാൻ കഴിയില്ല എന്ന് വിദ്യാഭ്യാസാവകാശ നിയമം ചൂണ്ടിക്കാണിച്ച് ഒന്നു മുതൽ എട്ടുവരെ ക്ലാസുകളെ അതിൽ നിന്നൊഴിവാക്കണമെന്ന് ഭരണ പ്രതിപക്ഷ ഭേദമന്യേ അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.
ഓരോ ദിവസവും അധിക സമയം കണ്ടെത്തി പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്നും 20 പ്രവൃത്തിദിനങ്ങൾ ഒഴിവാക്കി ഒന്നു മുതൽ 10 വരെ ക്ലാസുകൾക്ക് 200 പ്രവൃത്തിദിനങ്ങൾ നിജപ്പെടുത്തണമെന്നും അധ്യാപക സംഘടനകൾ നിർദേശിക്കുന്നു.
