പേ വിഷ വാക്സിൻ നൽകിയില്ലെന്ന് പരാതി, അക്കാര്യം പറഞ്ഞിട്ടേയില്ലെന്ന് സൂപ്രണ്ട്

At Malayalam
1 Min Read

പേ വിഷ ബാധയേറ്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിയ കുട്ടിയ്ക്ക് വാക്സിൻ നൽകാത്തതിനാൽ കുട്ടി മരണപ്പെട്ടതായി ആക്ഷേപം. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. പള്ളിപ്പാടുള്ള ദേവനാരായണൻ എന്ന കുട്ടിയാണ് ആശുപത്രിയിലെ അനാസ്ഥ മൂലം മരിച്ചതെന്നാണ് ആരോപണം. ഇക്കാര്യത്തിനായി രണ്ടു തവണ താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ സമീപിച്ചിരുന്നതായും കുത്തിവയ്പ് നൽകിയിരുന്നില്ലെന്നും കുട്ടിയുടെ അപ്പൂപ്പൻ പറയുന്നു.

വീടിനു സമീപത്തെ വഴിയിലൂടെ പോയ സ്ത്രീയെ തെരുവുനായ ആക്രമിക്കാനെത്തിയപ്പോൾ കളിച്ചു കൊണ്ടു നിന്ന ദേവനാരായണൻ കയ്യിലിരുന്ന പന്തു കൊണ്ട് തെരുവു നായയെ എറിഞ്ഞതായി ബന്ധുക്കൾ പറയുന്നു. ഉടനേ തെരുവുനായ കുട്ടിയുടെ നേർക്ക് ഓടി വരികയും ഭയന്നോടിയ കുട്ടി അടുത്തുള്ള ഓടയിൽ വീഴുകയും ചെയ്തു. നായയും കുട്ടിയ്ക്കൊപ്പം ഓടയിലേക്കു ചാടിയതായും വീട്ടുകാർ പറയുന്നു. വീണതിനെ തുടർന്നുണ്ടായ മുറിവിന് ചികിത്സ നൽകി കുട്ടിയെ ആശുപത്രിയിൽ നിന്നും തിരച്ചയയ്ക്കുകയായിരുന്നുവെന്നും പേ വിഷത്തിനെതിരെയുള്ള വാക്സിൽ കുത്തിവയ്പ്പു നൽകിയില്ലന്നുമാണ് പരാതി. കുറച്ചു ദിവസങ്ങൾക്കു മുമ്പ് കുട്ടി ചില അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിയ്ക്കാൻ കഴിഞ്ഞില്ല.

കുട്ടി കളിയ്ക്കുന്നതിനിടെ പരിക്കേറ്റെന്നാണ് താലൂക്കാശുപത്രിയിലെ ഡോക്ടറോട് പറഞ്ഞതെന്നും നായ ഓടിച്ചെന്നോ കടിച്ചതായോ രക്ഷകർത്താക്കൾ പറഞ്ഞിട്ടില്ലെന്നും ഹരിപ്പാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. അക്കാര്യം പറഞ്ഞിരുന്നെങ്കിൽ ഉറപ്പായും കുട്ടിയ്ക്ക് വാക്സിൽ നൽകിയേനെ എന്നും ഡോക്ടർ വിശദീകരിയ്ക്കുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment