ഗഗൻയാൻ പരീക്ഷണ വിക്ഷേപണം വിജയം

At Malayalam
1 Min Read

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായുള്ള ആദ്യ ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ പരീക്ഷണ ദൗത്യം വിജയം. അടിയന്തര സാഹചര്യത്തിൽ ബഹിരാകാശ സഞ്ചാരികളെ റോക്കറ്റിൽ നിന്ന് സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ക്രൂ എസ്കേപ്പ് സിസ്റ്റത്തിന്റെ പരീക്ഷണമാണ് ഇന്ന് നടന്നത്. 9 മിനിറ്റ് 51 സെക്കന്റിലാണ് പരീക്ഷണം ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കിയത്.

വിക്ഷേപണത്തറയിൽ നിന്ന് പറന്നുയർന്ന് ബഹിരാകാശത്തേക്ക് എത്തുന്നതിന് മുമ്പ് എന്തെങ്കിലും പ്രശ്നം സംഭവിച്ചാൽ‌ യാത്രക്കാരെയും യാത്രാ പേടകത്തെയും റോക്കറ്റിൽ നിന്ന് വേർപ്പെടുത്തി സുരക്ഷിതമായ അകലത്തേക്ക് മാറ്റുന്ന സംവിധാനമാണ് ക്രൂ എസ്കേപ്പ് സിസ്റ്റം. പ്രത്യേകം രൂപകൽപ്പന ചെയ്ത വിക്ഷേപണ വാഹനമാണ് ക്രൂ എസ്‍കേപ്പ് സിസ്റ്റം പരീക്ഷണത്തിനായി ഇസ്രൊ ഉപയോഗിച്ചത്.

പത്ത് മണിയോടെ പുത്തൻ പരീക്ഷണ വാഹനം ഗഗൻയാൻ യാത്രാ പേടകത്തിന്റെ മാതൃകയുമായി കുതിച്ചുയർന്നു. അറുപത്തിയൊന്നാം സെക്കൻഡിൽ ക്രൂ എസ്കേപ്പ് സിസ്റ്റം പ്രവർത്തിപ്പിച്ച് റോക്കറ്റും യാത്രാ പേടകവും വേർപിരിഞ്ഞു. പതിനേഴ് കിലോമീറ്ററോളം ഉയരത്തിലെത്തിയ ശേഷം ക്രൂ എസ്കേപ്പ് സിസ്റ്റവും ക്രൂ മൊഡ്യൂളും വേർപിരിഞ്ഞു. പാരച്യൂട്ടുകൾ വിടർന്നു. ഗഗൻയാൻ യാത്രാ പേടകം മെല്ലെ താഴേക്ക്. കടലിൽ നിന്ന് 2.4 കിലോമീറ്റർ ഉയരത്തിൽ എത്തിയ ശേഷം രണ്ടാം ഘട്ട പാരച്യൂട്ടുകൾ തുറന്ന് വേഗം കുറച്ച് ഇറക്കം. ശ്രീഹരിക്കോട്ടയുടെ തീരത്ത് നിന്ന് പത്ത് കിലോമീറ്റർ അകലെ സുരക്ഷിതമായ ലാൻഡിങ്ങ്. ഇന്ത്യൻ നാവിക സേനയുടെ പ്രത്യേക സംഘം ഉടൻ സ്ഥലത്തെത്തി പേടകത്തെ കടലിൽ നിന്ന് വീണ്ടെടുത്തു.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment