രോഗിയ്ക്കൊപ്പം ആശുപത്രിയിൽ ഡോക്ടറെ കാണാനെത്തിയ സ്ത്രീ വനിതാ ഡോക്ടറുടെ മുഖത്ത് അടിച്ചതായി പരാതി. കൊല്ലം ജില്ലയിലെ ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോ. ജാൻസിയ്ക്കാണ് മർദനമേറ്റത്.18 വയസുള്ള യുവതിയ്ക്കൊപ്പം എത്തിയ സ്ത്രീയാണ്, നേരത്തേ നടത്തിയിരുന്ന ചികിത്സകളെപ്പറ്റി രോഗിയോട് ഡോക്ടർ ചോദിച്ചറിഞ്ഞില്ല എന്നാരോപിച്ച് ഡോക്ടറുടെ മുഖത്തടിച്ചത്. സംഭവം നടന്നയുടൻ പൊലിസിൽ അറിയിച്ചെങ്കിലും പൊലിസ് എത്തിയില്ലന്ന് ആശുപത്രി ജീവനക്കാർ പറയുന്നു.
ശക്തമായ അടിയേറ്റ് ഡോക്ടറുടെ കമ്മൽ തെറിച്ചു പോയതായും പരാതിയിൽ പറയുന്നു. സംഭവം നടന്ന പിറ്റേ ദിവസം ഉച്ചയ്ക്കുശേഷമാണ് പൊലിസ് അന്വേഷിയ്ക്കാനെത്തിയതെന്ന് ആശുപത്രി ജീവനക്കാർ പറയുന്നു. എഫ് ഐ ആർ ഇടാനോ കേസ് രജിസ്റ്റർ ചെയ്യാനോ പൊലിസ് കൂട്ടാക്കിയില്ലെന്നും ആക്ഷേപമുണ്ട്. ചവറ പൊലിസിലാണ് ഡോക്ടർ പരാതി നൽകിയത്. ജില്ലാ മെഡിക്കൽ ഓഫിസർ വഴി കമ്മിഷണർക്ക് പരാതി നൽകാനാണ് ഡോക്ടർ ഉദ്ദേശിക്കുന്നതന്ന് അറിയിച്ചു.
