കളക്ടറുടെ കുഴിനഖ ചികിത്സയിൽ റിപ്പോർട്ടു തേടി ചീഫ് സെക്രട്ടറി

At Malayalam
2 Min Read

തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജ് തൻ്റെ കുഴിനഖ ചികിത്സയ്ക്കായി ജനറൽ ആശുപത്രിയിലെ ഒ പി വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സർജനെ വിളിച്ചുവരുത്തിയ വിഷയത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി വേണു റിപ്പോർട്ടു തേടി . ഒ പി വിഭാഗത്തിൽ ഇരുനൂറിലധികം രോഗികൾ ഡോക്ടറെ കാണാൻ കാത്തു നിന്നപ്പോഴാണ് നിസാരമായ കുഴിനഖ ചികിത്സയ്ക്കായി സർജനെ കളക്ടർ തൻ്റെ വീട്ടിലേക്കു വിളിച്ചു വരുത്തിയതെന്നാണ് ഡോക്ടർമാരുടെ സംഘടനയായ കെ ജി എം ഒ എ ആരോപിക്കുന്നത്.

കളക്ടർ ജെറോമിക് ജോർജിൻ്റെ ക്യാമ്പ് ഓഫിസിൽ നിന്നും ജീവനക്കാരാണ് ഡി എം ഒ യെ വിളിച്ച് ക്യാമ്പ് ഓഫീസിൽ ഡോക്ടറെ വിടാൻ ആദ്യം ആവശ്യപ്പെട്ടത്. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ ബിന്ദു മോഹൻ പേരൂർക്കട ആശുപത്രിയിൽ വിളിച്ച് കളക്ടറുടെ ക്യാമ്പ് ഓഫീസിൽ ഡോക്ടറെ വിടാൻ നിർദേശിച്ചെങ്കിലും അവിടത്തെ സൂപ്രണ്ട് കൂട്ടാക്കിയില്ല . തുടർന്ന് കളക്ടർ തന്നെ നേരിട്ട് ഡി എം ഒയെ വിളിച്ച് തനിക്ക് സർജനെ തന്നെ കാണണമെന്നും അടിയന്തരമായി ക്യാമ്പ് ഓഫീസിൽ ആളെ വിടണമെന്നും നിർദേശിച്ചതായും ഡോക്ടർമാരുടെ സംഘടനാനേതാക്കൾ പറയുന്നു.

സമ്മർദം മൂലം ഡി എം ഒ ജനറൽ ആശുപത്രിയിൽ നിന്നും സർജനെ അയയ്ക്കാൻ നിർദേശം നൽകുകയായിരുന്നു . ക്യാമ്പ് ഓഫിസിലെത്തിയ ഡോക്ടറെ കാണാൻ ഏകദേശം ഒന്നര മണിക്കൂറോളം കളക്ടർ കൂട്ടാക്കിയില്ലന്നും ഡോക്ടർമാർ പറയുന്നു. തുടർന്ന് ഡോക്ടറോട് കയർത്തു സംസാരിച്ചതായും ആരോപണമുണ്ട്.

ഡോക്ടർമാരുടെ സംഘടനയായ കെ ജി എം ഒ എ ഇതേക്കുറിച്ച് ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോർജ് , ചീഫ് സെക്രട്ടറി തുടങ്ങിയവർക്ക് പരാതി നൽകുകയായിരുന്നു . നേരത്തേയും ഇതേ കളക്ടർ ഇത്തരത്തിൽ ക്യാമ്പ് ഓഫിസിൽ ഡോക്ടർമാരെ വിളിച്ചു വരുത്തി അവഹേളിച്ചിട്ടുണ്ടന്നും ഇനിയുമിത് തുടർന്നാൽ പ്രത്യക്ഷ സമര പരിപാടിയിലേക്ക് തങ്ങൾ പോകുന്നും സംഘടനാ ഭാരവാഹി കൂടിയായ ഡോ. പത്മപ്രസാദ് പറഞ്ഞു.

- Advertisement -

കളക്ടറുടെ പ്രവൃത്തിയിൽ റവന്യൂ ജീവനക്കാരുടെ സംഘടനകളും തികഞ്ഞ അതൃപ്തി അറിയിച്ചു . കളക്ടറേറ്റ് ജീവനക്കാരോടും പുച്ഛത്തോടെയും ധാർഷ്ട്യത്തോടെയുമാണ് ഈ കളക്ടർ പെരുമാറുന്നതെന്നാണ് ജീവനക്കാരും സംഘടനാ നേതാക്കളും പറയുന്നത് . ഇലക്ഷൻ പ്രഖ്യാപിച്ചതോടെ അധികാര മത്തു പിടിച്ച അവസ്ഥയിലാണ് കളക്ടറന്നും സംഘടനാ നേതാക്കൾ പറഞ്ഞു . കളക്ടറേറ്റിലെ ഉയർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടെ തൻ്റെ ക്യാബിനിൽ വിളിച്ചു വരുത്തി മണിക്കൂറുകൾ നിർത്തുന്നത് ഇദ്ദേഹത്തിന് ഒരു വിനോദമാണത്രേ . വിവിധ വകുപ്പുകളിലെ ജീവനക്കാരെ മീറ്റിംഗിന് വിളിച്ചു വരുത്തി മണിക്കൂറുകൾ വൈകിപ്പിക്കാറുണ്ടെന്നും പരാതിയുണ്ട്.

ഡെപ്യൂട്ടി കളക്ടർമാർ , വിവിധ വകുപ്പുകളിലെ ജില്ലാ മേധാവികൾ തുടങ്ങിയ ഉദ്യോഗസ്ഥരോട് പോലും അങ്ങേയറ്റം ധാർഷ്ട്യത്തോടെയും അഹങ്കാരത്തോടെയുമാണ് കളക്ടർ പെരുമാറുന്നതന്നും ആക്ഷേപമുണ്ട് . കെ ജി എം ഒ യെ പോലെ ഒരു സംഘടന ഇക്കാര്യത്തിൽ പ്രതിഷേധത്തിച്ചതിനെ അനുകൂലിക്കുകയാണ് വിവിധ സർക്കാർ ജീവനക്കാരുടെ സംഘടനകളും എന്നാണ് ലഭിക്കുന്ന വിവരം

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment