ഓർമയിലെ ഇന്ന്, മെയ് 10 – ചലച്ചിത്ര സംവിധായകൻ എം.കൃഷ്ണൻ നായർ

At Malayalam
3 Min Read

മലയാളം , തമിഴ് , തെലുങ്കു ഭാഷകളിലായി 120-ഓളം ചിത്രങ്ങൾ സംവിധാനം ചെയ്ത പ്രമുഖ സംവിധായകനാണ് എം കൃഷ്ണൻ നായർ . സിനിമാ ഗാനരംഗത്ത് വയലാർ -ബാബുരാജ് ടീമിനെ ഏറ്റവുമധികം ഉയോഗിച്ചു മനോഹര ഗാനങ്ങൾ തൻ്റെ ചിത്രത്തിൽ ചേർത്തു കൃഷ്ണൻ നായർ . 1917 നവംബർ 2-ന് തിരുവനന്തപുരത്ത് ആർ മാധവൻ പിള്ളയുടെയും ചെല്ലമ്മയുടെയും മകനായാണ് കൃഷ്ണൻ നായർ ജനിച്ചത് .

ഇന്റർമീഡിയറ്റ് വരെ പഠിച്ചു . അതുകഴിഞ്ഞു പി സുബ്രമണ്യത്തിന്റെ നീല പ്രൊഡക്ഷൻസിന്റെ സ്റ്റുഡിയോയിൽ ചേർന്ന് സിനിമയുടെ വിവിധ വശങ്ങൾ കണ്ടും പഠിച്ചും മനസിലാക്കി .1946-ൽ സംവിധാന സഹായിയായി . 1955-ൽ പി സുബ്രമഹ്ണ്യം നിർമ്മിച്ച ‘സി ഐ ഡി’ എന്ന ചിത്രത്തോടെയാണ് സംവിധാനരംഗത്ത് അരങ്ങേറ്റം കുറിച്ചത് . അന്നത്തെ പ്രമുഖ നിർമ്മാണ കമ്പനിയായിരുന്ന ജയമാരുതിയുടെ (ടി ഇ വാസുദേവന്‍) വിയര്‍പ്പിന്റെ വില (1962) സംവിധാനം ചെയ്തു . കുഞ്ചാക്കോയുടെ കാട്ടുതുളസി (1965) യിലൂടെ ഏറെ പ്രശസ്തി നേടി . പ്രശസ്ത തമിഴ് സംവിധായകനായ ഭാരതീരാജ , പ്രശസ്ത മലയാള സംവിധായകരായ ഹരിഹരൻ , ജോഷി , കെ മധു എന്നിവർ അദ്ദേഹത്തോടൊപ്പം സംവിധാന സഹായികളായി പ്രവർത്തിച്ചിട്ടുണ്ട് . 1971ല്‍ തമിഴകത്ത് തരംഗം സൃഷ്ടിച്ചു എം ജി ആര്‍ ചിത്രമായ ‘റിക്ഷാക്കാരന്‍’. എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ഈ സിനിമ എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്നതായിരുന്നു .

- Advertisement -

‘മഞ്ജുള’ എന്ന നടിയുടെ നായികയായുള്ള അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു . ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും എം ജി ആറിന് നേടിക്കൊടുത്തു . എം എസ് വിശ്വനാഥന്‍ ഈണമിട്ട ഈ ചിത്രത്തിലെ ഗാനങ്ങളും ഏറെ ജനപ്രീതി നേടി . വലിച്ചു നീട്ടി കഥ പറയുന്ന രീതിക്ക് പ്രേക്ഷകരുടെ ഇടയിൽ സ്വീകാര്യത കുറഞ്ഞ സമയത്ത് കുട്ടിക്കുപ്പായം , കാവ്യമേള , കാത്തിരുന്ന നിക്കാഹ് , കളിത്തോഴൻ , കല്യാണരാത്രിയിൽ , കൊച്ചിൻ എക്സ്പ്രസ്സ്‌ , അഗ്നിപരീക്ഷ , അഗ്നിപുത്രി തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടസംവിധായാകനായി മാറി അദ്ദേഹം . ഇന്ത്യൻ സിനിമയുടെ സ്വപ്‍ന റാണിയായി മാറിയ
ഹേമമാലിനിക്ക് അവസരം നിഷേധിച്ച സംവിധായകനാണ് കൃഷ്ണൻ നായർ .

1965-ൽ കടത്തുകാരന്‍ എന്ന സിനിമയുടെ ജോലികൾ ആരംഭിക്കുന്ന കാലത്ത് ഒന്ന് രണ്ടു തമിഴ്‌ സിനിമയിൽ അഭിനയിച്ച , മലയാള സിനിമയിൽ അഭിനയിക്കാൻ താല്പര്യമുള്ള ഒരു മെലിഞ്ഞ തമിഴ്‌ പെൺകുട്ടിയുടെ ഫോട്ടോ പരിഗണനക്കായി കിട്ടി , മലയാളികൾക്കും തെന്നിന്ത്യൻ സിനിമക്കും യോജിക്കില്ല എന്നായിരുന്നു അഭിപ്രായം ; “ഈ കുട്ടി ഹിന്ദി സിനിമക്കെ പറ്റൂ!” എന്ന റിമാർക്കോടെ എം കൃഷ്ണൻ നായർ തിരസ്കരിച്ചു. രണ്ടു മൂന്ന് വർഷം കഴിഞ്ഞപ്പോൾ ആ പെൺകുട്ടി 1968 ൽ സപ്‌നോ കാ സൗദാഗർ എന്ന ചിത്രത്തിൽ രാജ് കപൂറിന്റെ നായികയായി , പിന്നീട് ഹിന്ദി സിനിമയിലെ സ്വപ്‍നറാണിയായ ഹേമ മാലിനിയായി മാറി.

- Advertisement -

ഒരിക്കൽ കൃഷ്ണൻ നായരുടെ പുത്രൻ സംവിധായകനായ ശ്രീക്കുട്ടൻ മുംബൈയിൽ വച്ച് ഹേമമാലിനിയെ പരിചയപ്പെട്ടപ്പോൾ അവർ പറഞ്ഞു ” താങ്കളുടെ പിതാവ് അവസരം നിഷേധിച്ച ഒരു നടിയാണ് ഞാൻ …” എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത ‘കാവ്യമേള’ (1965) എന്ന ചിത്രം മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി . 2000-ൽ ജെ സി ഡാനിയേൽ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചിരുന്നു. കെ സുലോചനാദേവിയാണ് ഭാര്യ . കവിയും ഗാനരചയിതാവും മുൻ ഐ എ എസ് ഉദ്യോഗസ്ഥനും മലയാള സർവ്വകലാശാല വൈസ് ചാൻസലറുമായ കെ. ജയകുമാർ സംവിധായകനായ കെ ശ്രീക്കുട്ടൻ (ശ്രീകുമാർ) , വർഷങ്ങൾക്ക് മുമ്പ് വാഹന അപകടത്തിൽ മരിച്ചു പോയ കെ. ഹരികുമാർ എന്നിവർ അദ്ദേഹത്തിന്റെ പുത്രന്മാരാണ് . മമ്മൂട്ടി നായകനായി അഭിനയിച്ച് 1987 ൽ പ്രദർശനത്തിനെത്തിയ കാലംമാറി കഥമാറി എന്ന ചിത്രമാണ് അവസാനം സംവിധാനം ചെയ്തത് . 2001 മേയ് 10ന് അന്തരിച്ചു.

Share This Article
Leave a comment