ഇക്കണക്കിനു പോയാൽ ബി എസ് എൻ എൽ വൈകാതെ പൂട്ടേണ്ടി വരുമെന്ന് ട്രായിയുടെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു . കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (2023 – 2024) 18 മില്യൺ ബി എസ് എൻ എൽ ഉപഭോക്താക്കൾ മറ്റു കമ്പനികളുടെ കണക്ഷനിലേക്ക് മാറിയത്രേ . ഇതിനു പ്രധാന കാരണമായി ട്രായി പറയുന്നത് 4 ജി / 5 ജി സേവനങ്ങൾ നൽകാൻ ബി എസ് എൻ എൽ ഈ 2024 ഉം മടിച്ചു നിൽക്കുന്നതു തന്നെ എന്നതാണ് . നിലവിൽ ബി എസ് എൻ എൽ കമ്പനിയിൽ അവശേഷിക്കുന്നത് 88 .06 മില്യൺ ഉപഭോക്താക്കൾ മാത്രമാണ്.

ഒരു ആശ്വാസമില്ലന്ന് പറഞ്ഞു കൂട . വരിക്കാരുടെ എണ്ണത്തിൽ ബി എസ് എൻ എൽ നേക്കാൾ മുന്നിലുള്ളത് വി ഐ എന്ന കമ്പനിയാണ് . അവരുടെ വരിക്കാർ ഒഴിവാക്കി പോകുന്നതിനേക്കാൾ കുറവാണത്രേ ബി എസ് എൻ എൽ ലെ കൊഴിഞ്ഞു പോക്ക് . പക്ഷേ അതും പറഞ്ഞ് ആശ്വസിച്ചിരുന്നാൽ ബി എസ് എൻ എൽ പൂട്ടുക തന്നെ ചെയ്യേണ്ടി വരുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത് . 5G സേവനം നൽകാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതാണ് വി ഐ യിൽ കൊഴിഞ്ഞു പോക്കിനു കാരണമെന്ന് പറയപ്പെടുന്നു.
ഈ വിട്ടു പോകുന്നവരൊക്കെ അപ്പോൾ എങ്ങോട്ടാണ് പോകുന്നതെന്നു കൂടി നോക്കാം . ഒന്നാം സ്ഥാനത്തുള്ള രണ്ടു പേർ തളരുമ്പോൾ ഉപഭോക്താക്കൾ പെരുകുന്നത് വിചാരിച്ചതു പോലെ ജിയോ തന്നെയാണ് . ഒപ്പം എയർടെല്ലും നന്നായി കൊഴുക്കുന്നുണ്ട് . ബി എസ് എൻ എൽ തളർന്ന 2023 -2024 സാമ്പത്തിക വർഷത്തിൽ 2.14 ദശലക്ഷം വരിക്കാരാണ് ജിയോയിൽ പുതുതായി എത്തിയത് , 1.76 ദശലക്ഷം വരിക്കാരെ എയർ ടെല്ലിനും കിട്ടി.

5 ജി സേവനങ്ങൾ മെച്ചപ്പെട്ട രീതിയിൽ നൽകുന്നതും ഉപഭോക്താക്കളെ ആകർഷികത്തക്ക മികച്ച ഓഫറുകൾ നൽകുന്നതും , മറ്റു കമ്പനികൾ ഉപേക്ഷിച്ച് വരുന്ന ഉപയോക്താക്കളെയും പുതിയ കണക്ഷൻ എടുക്കുന്നവരേയും എത്തിക്കുന്നത് ജിയോയിലേക്കും എയർടെല്ലിലേക്കുമാണ് . റിലയൻസ് കമ്പനിയുടെ ജിയോ ഫോണിൻ്റെ വിപണി വിഹിതം 40.30 % ആണ് , ബി എസ് എൻ എൽ ൻ്റേത് അതേ സ്ഥാനത്താകട്ടെ 7.57% ആയി ചുരുങ്ങി എന്നു കാണുമ്പോഴാണ് വളർച്ചയും തളർച്ചയും മനസിലാകുന്നത് . 33.10 % വിപണി വിഹിതവുമായി എയർടെല്ലും വളർച്ചയിൽ തന്നെ.
2024 ഏപ്രിൽ മാസത്തിൽ അതായത് കഴിഞ്ഞ മാസം മാത്രം ബി എസ് എൻ എൽ ഉപേക്ഷിച്ചത് 2.99 ദശലക്ഷം വരിക്കാരാണ് . മാർച്ചിലാകട്ടെ 2.81 ദശലക്ഷം പേരും മനം മടുത്ത് ബി എസ് എൻ എൽ നെ കയ്യൊഴിഞ്ഞു. ഇക്കാലത്തും എന്തു കൊണ്ട് ബി എസ് എൻ എൽ പോലെ ഒരു കേന്ദ്ര സർക്കാർ സ്ഥാപനം 4 ജി സേവനങ്ങൾ പോലും നൽകുന്നില്ല എന്നു ചോദിച്ചാൽ ആർക്ക് ഉത്തരം നൽകാനാകും . 4 ജി യിൽ എത്തിയാൽ 5 ജി സേവനം നൽകാൻ ചെലവു വളരെ കുറഞ്ഞ ഒരു അപ്ഡേഷനേ ആവശ്യമുള്ളു എന്നാണ് ടെലികോം രംഗത്തെ വിദഗ്ധർ പറയുന്നത് . പക്ഷേ സർക്കാരിനോ കമ്പനിക്കോ അനക്കമില്ല . ഗുണം കിട്ടുന്നതാകട്ടെ ജിയോ പോലുള്ള ഇന്ത്യയിലെ അതിസമ്പന്നർക്കും . അവർ വളർന്നോട്ടേ എന്നാണ് ഉദ്ദേശമെങ്കിൽ ബി എസ് എൻ എൽ നും വൈകാതെ കനത്ത താഴു വീഴുക തന്നെ ചെയ്യും.
