കേരളത്തിൽ നാളെ (തിങ്കൾ ) വരെ ചൂട് ഉയർന്നു തന്നെ നിൽക്കും . പാലക്കാട് 39 ഡിഗ്രി വരെയും കോഴിക്കോട് , തൃശൂർ , കൊല്ലം ജില്ലകളിൽ 38 ഡിഗ്രി വരെയും ഇടുക്കി , വയനാട് ജില്ലകളൊഴികെ മറ്റു ജില്ലകളിൽ 37 ഡിഗ്രി വരെയും ചൂടുണ്ടാകും . അന്തരീക്ഷ ഈർപ്പവും ഉയർന്ന ചൂടും മൂലം ഈ ജില്ലകളിൽ മിക്കയിടത്തും അസ്വസ്ഥതയുണ്ടാക്കുന്ന കാലാവസ്ഥയുമായിരിക്കും.

മഴ വന്നേക്കും
ചില ജില്ലകളിൽ ഒറ്റപ്പെട്ട മഴ പെയ്യാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുയു മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . മിന്നലുണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും വകുപ്പു നിർദേശിക്കുന്നു . ശക്തമായ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് വയനാട് , മലപ്പുറം ജില്ലകളിൽ മഞ്ഞ ജാഗ്രതയും നിർദേശിച്ചിട്ടുണ്ട് . ചൊവ്വാഴ്ച വയനാടും ബുധനാഴ്ച മലപ്പുറത്തുമാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത് . ഇടവിട്ടുള്ള മിന്നലോടു കൂടിയ മഴ ചെയ്യുന്നതോടൊപ്പം 40 കിലോമീറ്റർ വരെ വേഗമുള്ള ശക്തിയുള്ള കാറ്റിനും സാധ്യതയുണ്ട്.
കള്ളക്കടലും എങ്ങും പോയിട്ടില്ല
കള്ളക്കടൽ പ്രതിഭാസം മൂലം കേരള തീരം , തൂത്തുക്കുടി , തെക്കൻ തമിഴ്നാട് തീരം , കന്യാകുമാരി തീര പ്രദേശങ്ങളിൽ അതി തീവ്ര തിരമാലകളും പിന്നാലെ ശക്തമായ കടലാക്രമണത്തിനും സാധ്യതയുണ്ട്. അതിനാൽ കേരളത്തിൻ്റെ തീരപ്രദേശങ്ങളിലും തമിഴ്നാടിൻ്റെ തെക്കൻ തീരപ്രദേശങ്ങളിലും ഓറഞ്ച് ജാഗ്രതാ നിർദേശവും നൽകിയിരിക്കുകയാണ്.

നിർദേശങ്ങൾ പാലിക്കാം
- ബീച്ച് യാത്രകൾ , കടലിൽ ഇറങ്ങി നീന്തൽ , തിരമാലകളിലുള്ള വിനോദം തുടങ്ങിയവ ഒഴിവാക്കാം.
- കടൽക്ഷോഭമുണ്ടാകുമെന്നതിനാൽ ഉത്തരവാദിത്തപ്പെട്ടവരുടെ നിർദേശാനുസരണം അത്തരം പ്രദേശങ്ങളിൽ നിന്നു മാറി താമസിക്കാം.
- ചെറിയ വള്ളങ്ങൾ ഉപയോഗിച്ച് കേരള തീരത്ത് രാത്രി 8 മണിയ്ക്കു ശേഷമുള്ള മത്സ്യബന്ധനം പാടില്ല.
- വള്ളങ്ങൾ മറ്റു മത്സ്യബന്ധന ഉപകരണങ്ങൾ എന്നിവ സുരക്ഷിതമായ അകലങ്ങളിൽ കെട്ടിയിട്ടു തന്നെ സൂക്ഷിയ്ക്കണം.
