ഡെൽഹിയിൽ കോൺഗ്രസിന് കനത്ത പ്രഹരമേൽപ്പിച്ച് പി സി സി അധ്യക്ഷൻ രാജിവച്ചു . നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയും എ ഐ സി സി യുടെ ചില തീരുമാനങ്ങളുമാണ് തൻ്റെ രാജിക്കു കാരണമെന്ന് ഡെൽഹി സംസ്ഥാന അധ്യക്ഷൻ അരവിന്ദർ സിംഗ് ലവ് ലി , മല്ലികാർജുൻ ഖാർഗെക്ക് അയച്ച കത്തിൽ പറയുന്നു.
ഡെൽഹിയുടെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപക് ബാബ്രിയയുമായുള്ള അഭിപ്രായവ്യത്യാസങ്ങളും രാജിക്കു പിന്നിലുണ്ട്. ബ്ലോക്കു തലങ്ങളിൽ പോലും പി സി സി അധ്യക്ഷന് അധികാരമില്ല . പാർട്ടിയുടെ എല്ലാ ഘടകങ്ങളും നിർജീവമാണ് . എ എ പി യുമായുള്ള സഖ്യത്തിലെ തുടർ നടപടികളൊന്നും തന്നെ അറിയിക്കാറില്ലെന്നും അരവിന്ദർ രാജിക്കത്തിൽ പറയുന്നു . കനയ്യ കുമാർ സെൽഹിയിൽ മത്സരിക്കുന്നത് താനറിഞ്ഞത് ഏറെ വൈകിയാണെന്നും കത്തിലുണ്ട്.
ഇന്ത്യ സഖ്യത്തിൻ്റെ ഭാഗമായി കോൺഗ്രസിനു ഡെൽഹിയിൽ കിട്ടിയ മൂന്നിൽ രണ്ടു സീറ്റിലും പാർട്ടിക്കു പുറത്തു നിന്നുള്ളവരാണ് മത്സരിക്കുന്നത്. സാധാരണക്കാരായ കോൺഗ്രസുകാരുടെ താൽപ്പര്യങ്ങൾക്ക് വില കൽപ്പിക്കാനാകാതെ അധ്യക്ഷ പദവിയിൽ തുടരുന്നതിൽ അർത്ഥമില്ലന്നും അരവിന്ദർ രാജിക്കത്തിൽ പറയുന്നു.