ദേവികുളത്തു നിന്നുള്ള മുൻ നിയമസഭാംഗവും ഇടുക്കിയിലെ സി പി എം നേതാവുമായ എസ് രാജേന്ദ്രൻ ബി ജെ പി യിലെത്തുമെന്ന പ്രചാരണം വീണ്ടും ശക്തമാകുന്നു . ബി ജെ പി യുടെ മധ്യമേഖലാ പ്രസിഡൻ്റ് ഹരി , സംസ്ഥാന വൈസ് പ്രസിഡൻ്റായ പ്രമീള ദേവി എന്നിവർ രാജേന്ദ്രൻ്റെ വീട്ടിലെത്തി ചർച്ച നടത്തിയതാണ് വീണ്ടും അഭ്യൂഹം ശക്തമാകാൻ കാരണം.
ഏറെ നാളായി പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്ന രാജേന്ദ്രനും തെളിച്ചൊന്നും പറയാതെ സസ്പെൻസ് ഇടുകയാണ് . 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തനിക്കു ദേവികുളത്തു ടിക്കറ്റു കിട്ടാത്തതിൽ പ്രതിഷേധിച്ച് എൽ ഡി എഫിൻ്റെ സ്ഥാനാർത്ഥിയെ അവിടെ തോല്പിക്കാൻ രാജേന്ദ്രൻ ശ്രമിച്ചുവെന്നാണ് സി പി എം നിലപാട് . പിന്നാലെ രാജേന്ദ്രനെ പാർട്ടിയിൽ നിന്ന് സസ്പെൻ്റു ചെയ്തു . അന്നു മുതൽ ഒളിഞ്ഞും തെളിഞ്ഞും രാജേന്ദ്രൻ്റെ ബി ജെ പി പ്രവേശനം മാധ്യമങ്ങളിലെങ്കിലും നിരന്തര ചർച്ചയാകുന്നുണ്ട്.

ഇപ്പോഴത്തെ കൂടിക്കാഴ്ചയിൽ രാഷ്ട്രീയമൊന്നും കാണേണ്ടതില്ലന്നാണ് പതിവുപോലെ രാജേന്ദ്രൻ്റെ ഇപ്പോഴത്തേയും നിലപാട് . ബി ജെ പി നേതാക്കൾ തന്നെ കാണാൻ വീട്ടിൽ വന്നു എന്നത് ശരി തന്നെ . പക്ഷേ അത് ഇക്കാര്യങ്ങളൊന്നും സംസാരിക്കാനായിരുന്നില്ല. തെരഞ്ഞെടുപ്പു സമയത്ത് മൂന്നാറിലും പരിസരത്തും ചില സംഘർഷങ്ങൾ ഉണ്ടായിരുന്നു . ഇത് സംബന്ധിച്ചുണ്ടായ ചില പരാതികൾ ചർച്ച ചെയ്യാനാണ് ബി ജെ പി നേതാക്കൾ വന്നതെന്നുമാണ് രാജേന്ദ്രൻ പറയുന്നത്.
