ഓർമയിലെ ഇന്ന്, മാർച്ച് 23: അകിര കുറസോവ

At Malayalam
2 Min Read

ലോക സിനിമയിലെ ഇതിഹാസം അകിര കുറസോവയുടെ 114-ാം ജന്മവാര്‍ഷികം

റാഷമോണ്‍, സെവന്‍ സമുറായ്‌സ് എന്നീ ലോകക്ലാസിക് ചിത്രങ്ങളിലൂടെ ലോക പ്രശസ്തനായ ചലച്ചിത്രകാരനാണ് ജാപ്പനീസ് സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തുമായിരുന്ന അകിര കുറസോവ.

1910 മാർച്ച് 23ന് ടോകിയോവിലുള്ള ഒമോരി ജില്ലയിലെ ഓയ്‌-ചോ എന്ന സ്ഥലത്താണ് കുറസോവ ജനിച്ചത്‌. പട്ടാളത്തിൽ കായിക വിദ്യാഭ്യാസ സ്കൂളിന്റെ മേധാവിയായി ജോലി നോക്കിയിരുന്ന സമുറായി കുടുംബത്തിലെ അംഗമായിരുന്ന ഇസാമുവാണ് പിതാവ്, മാതാവ്‌ ഷിമ. കായിക വ്യായാമങ്ങൾ പ്രോത്സാഹിപ്പുക്കുന്നതിനോടോപ്പം തന്നെ പാശ്ചാത്യ പാരമ്പര്യത്തോട് തുറന്ന സമീപനമുണ്ടായിരുന്ന ഇസാമു സിനിമയെ വിദ്യാഭ്യാസപരമായിതന്നെ മൂല്യമുള്ളതായി കാണുകയും തന്റെ കുട്ടികളെ സിനിമ കാണുന്നതിനായി പ്രോത്സാഹിപ്പിക്കുകയും ചെയ്തു.തന്റെ ആറാം വയസ്സിലാണ് കുട്ടിയായിരുന്ന കുറൊസാവ ആദ്യ സിനിമ കണ്ടത്‌. എലമെൻ്ററി സ്കൂളിലെ അദ്ധ്യാപകനായിരുന്ന ടച്ചിക്കാവായുടെ പുരോഗമനപരമായ വിദ്യാഭ്യാസ സമീപനങ്ങൾ കുറസോവയിൽ ചിത്രകലയോട് പ്രത്യേക ഇഷ്ടം ജനിപ്പിക്കുകയും വിദ്യാഭ്യാസത്തിനോട് താൽപര്യം വളർത്തുകയും ചെയ്തു. ഈ കാലത്തു തന്നെ കുറസോവ കാലിഗ്രാഫിയും കെൻണ്ടോ വാൾപ്പയറ്റും പഠിച്ചു. ഒരു ചിത്രകാരന്‍ എന്ന വിജയകരമല്ലാത്ത തുടക്കത്തിനു ശേഷം 1936-ലാണ് കുറസോവ ജപ്പാനിലെ ചലച്ചിത്ര രംഗത്തേക്ക് കടക്കുന്നത്. ആദ്യകാലത്ത് സഹസംവിധായകനായും തിരക്കഥാകൃത്തായും നിരവധി സിനിമകളില്‍ ജോലിചെയ്ത അദ്ദേഹം, രണ്ടാം ലോകമഹായുദ്ധകാലത്ത് ജനപ്രിയ ചിത്രമായ സാന്‍ഷിരോ സുഗാതയിലൂടെയാണ് സ്വതന്ത്ര സംവിധായകന്‍ എന്ന നിലയില്‍ അരങ്ങേറ്റം കുറിക്കുന്നത്. യുദ്ധാനന്തരം, അക്കാലത്ത് പുതുമുഖമായിരുന്ന ടോഷിരോ മിഫുന്‍ എന്ന നടനെ മുഖ്യ കഥാപാത്രമാക്കി സംവിധാനം ചെയ്ത ഡ്രങ്കണ്‍ ഏയ്ഞ്ചല്‍ എന്ന നിരൂപണ പ്രശംസ നേടിയ ചിത്രം അദ്ദേഹത്തിന് ജപ്പാനിലെ ശ്രദ്ധേയനായ യുവസംവിധായകരില്‍ ഒരാള്‍ എന്ന പേര് നേടിക്കൊടുത്തു.

ടോഷിരോ മിഫുന്‍ തന്നെ അഭിനയിച്ച് 1950-ല്‍ ടോകിയോവില്‍ പ്രദര്‍ശിപ്പിച്ച റാഷോമോണ്‍ എന്ന സിനിമ അപ്രതീക്ഷിതമായി 1951-ലെ വെനീസ് ചലച്ചിത്രോത്സവത്തില്‍ സുവര്‍ണ സിംഹ പുരസ്‌കാരം സ്വന്തമാക്കുകയും തുടര്‍ന്ന് യൂറോപ്പിലും വടക്കേ അമേരിക്കയിലും പുറത്തിറക്കുകയും ചെയ്തു. നിരൂപക ശ്രദ്ധ നേടിയതിനൊപ്പം തന്നെ സാമ്പത്തികമായും വിജയമായ ഈ സിനിമ ,പാശ്ചാത്യ ചലച്ചിത്ര വിപണിയുടെ വാതിലുകള്‍ ജപ്പാനീസ് സിനിമക്ക് തുറന്നു കൊടുത്തു. 1950കളിലും 1960കളുടെ തുടക്കത്തിലും കുറസോവ സിനിമ ചെയ്തു. ക്ലാസിക് സിനിമകളായി പരക്കെ അംഗീകരിക്കപ്പെട്ട ഇകിരു (1952), സെവന്‍ സാമുറായിസ് (1954), യോജിമ്പോ (1961) തുടങ്ങിയവ ഈ കാലത്ത് നിര്‍മ്മിക്കപ്പെട്ട കുറസോവ സിനിമകളാണ്.

- Advertisement -

സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും സ്വാധീക്കപ്പെടുകയും പ്രാധാന്യമര്‍ഹിക്കുകയും ചെയ്യുന്ന വ്യക്തിത്വമായി കുറസോവ പരക്കെ കണക്കാക്കപ്പെടുന്നു. 1990ല്‍ ‘ലോകം മുഴുവനുമുള്ള പ്രേക്ഷകരേയും സിനിമാപ്രവര്‍ത്തകരെയും സ്വാധീനിക്കുകയും സന്തോഷിപ്പിക്കുകയും സമ്പന്നമാക്കുകയും ആനന്ദിപ്പിക്കുകയും ചെയ്തതിന്’ ആജീവനാന്ത സംഭാവനക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരവും സ്വന്തമാക്കി.1998 സെപ്റ്റംബര്‍ 6 ന് അന്തരിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.