ഇംഗ്ളണ്ടും ഇന്ത്യയും തമ്മിലുള്ള അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ നാലാം മത്സരത്തിന് ഇന്ന് ധോണിയുടെ ജന്മനാടായ റാഞ്ചിയിൽ തുടക്കമാകും. ആദ്യ മത്സരത്തിൽ അപ്രതീക്ഷിത വിജയം നേടിയ ഇംഗ്ളണ്ടിനെ അടുത്ത രണ്ട് മത്സരങ്ങളിലും തകർത്തെറിഞ്ഞ് ഇന്ത്യ പരമ്പരയിൽ 2-1ന് മുന്നിലാണ്. എന്നാൽ ഇനിയുള്ള രണ്ട് മത്സരങ്ങളിലും ജയിച്ച് 3-2ന്പരമ്പര സ്വന്തമാക്കാമെന്ന കണക്കുകൂട്ടലിലാണ് ഇംഗ്ലണ്ട്. പക്ഷേ ഈ മത്സരത്തിൽ ജയിക്കാനായില്ലെങ്കിൽ പരമ്പര പിടിക്കാമെന്നുള്ള മോഹം ഇംഗ്ളണ്ടിന് ഉപേക്ഷിക്കേണ്ടിവരും.
പരമ്പരയിലെ ഇതുവരെ നടന്ന എല്ലാ മത്സരങ്ങളിലേതിനെയുംകാൾ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചാണ് റാഞ്ചിയിൽ ഒരുക്കിയിരിക്കുന്നത് എന്നാണ് വിലയിരുത്തൽ. മൂന്നാമത്തെയും അഞ്ചാമത്തെയും ദിവസങ്ങളിൽ മഴയ്ക്കും സാദ്ധ്യതയുണ്ട്.