ടിയാഗോ, നെക്‌സോൺ ബ്രാൻഡുകളിലുള്ള വൈദ്യുതി വാഹനങ്ങളുടെ വില ടാറ്റ മേട്ടോഴ്സ് 1.2 ലക്ഷം രൂപ വരെ കുറച്ചു. ഇലക്ട്രിക് ബാറ്ററികളുടെ വിലയിലുണ്ടായ കുറവിന്റെ നേട്ടം ഉപഭോക്താക്കൾക്ക് കൈമാറുന്നതിന്റെ ഭാഗമായാണ് നടപടി. ചരിത്രത്തിലാദ്യമായാണ് ഇന്ത്യയിലെ ഒരു വാഹന കമ്പനി ഇലക്ട്രിക് കാറുകളുടെ വില കുറയ്ക്കുന്നത്.
നെക്‌സോൺ ഇലക്ട്രിക് കാറുകളുടെ വില 16.99 ലക്ഷം രൂപയിൽ നിന്നും 14.49 ലക്ഷം രൂപയിലേക്കാണ് കുറച്ചത്. ടിയാഗോ വൈദ്യുതി വാഹനങ്ങളുടെ വില 70,000 രൂപ കുറച്ച് 7.99 ലക്ഷം രൂപയാക്കി.ബാറ്ററി സെല്ലുകളുടെ വില കമ്പനികൾ കുറച്ചതാണ് പുതിയ തീരുമാനത്തിന് പ്രേരിപ്പിച്ചതെന്ന് കമ്പനിയുടെ ചീഫ് കോമേഴ്സ്യൽ ഓഫീസർ പറഞ്ഞു. വില കുറയുന്നതോടെ ഇലക്ട്രിക് വാഹനങ്ങളുടെ വില്പന ഗണ്യമായി കൂടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു