വിഴിഞ്ഞത്ത് രണ്ടുപേരുടെ ജീവനെടുത്തത് ഭക്ഷണമല്ല, മറൈന്‍ ടോക്‌സിനെന്ന് റിപ്പോർട്ട്

At Malayalam
1 Min Read
തിരുവനന്തപുരം വിഴിഞ്ഞത്തെ ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിച്ചതിനു പിന്നാലെ രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ മറൈന്‍ ടോക്‌സിന്‍ ആകാം മരണകാരണമെന്ന് രാസപരിശോധനാ റിപ്പോര്‍ട്ടിലെ നിഗമനം. ഭക്ഷണത്തില്‍നിന്നുള്ള വിഷബാധയല്ല മരണകാരണമെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. ഫെബ്രുവരി 16ന് ഹോട്ടലില്‍നിന്നു ഭക്ഷണം കഴിച്ച 2 കൊല്ലം സ്വദേശികള്‍ മരിച്ചതിനെ തുടര്‍ന്നാണ് വിശദമായ പരിശോധന നടത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ഭക്ഷ്യവിഷബാധ കണ്ടെത്തിയിരുന്നില്ല. 

ഹോട്ടലില്‍ എത്തിയ കുടുംബത്തിലെ എല്ലാവരും മീന്‍മുട്ട കഴിച്ചിരുന്നു. ഇതില്‍നിന്നുള്ള മറൈന്‍ ടോക്‌സിന്‍ ആകാം രണ്ടു പേരുടെ മരണത്തിനിടയാക്കിയതെന്നാണു റിപ്പോര്‍ട്ടിലെ നിഗമനം. ഹോട്ടലിലെ അവശേഷിച്ച ഭക്ഷണസാധനങ്ങളും വെള്ളവും മീന്‍ എത്തിച്ച തമിഴ്‌നാട്ടിലെ മാര്‍ക്കറ്റിലെ സാംപിളും പരിശോധിച്ചെങ്കിലും ഭക്ഷ്യവിഷബാധയ്ക്കു കാരണമാകുന്ന കാര്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ കുടുംബം കഴിച്ച ഭക്ഷ്യവസ്തുക്കളുടെ സാംപിള്‍ ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ സാഹചര്യത്തിലാണ് മീന്‍മുട്ടയിലെ മറൈന്‍ ടോക്‌സിനാണ് വില്ലന്‍ എന്ന നിഗമനത്തിലേക്ക് എത്തിയിരിക്കുന്നത്.

ചില മീനുകളുടെ മുട്ടയില്‍ അടങ്ങിയിരിക്കുന്ന ടെട്രോഡോടോക്‌സിന്‍ പാചകം ചെയ്താലും നശിക്കില്ലെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ക്കും മരണത്തിനും വരെ കാരണമാകാമെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍. മറൈന്‍ ടോക്‌സിന്‍ കണ്ടെത്താനുള്ള പരിശോധനാ സംവിധാനം കെമിക്കല്‍ ലാബില്‍ ഇല്ലാത്തതിനാല്‍ കൂടുതല്‍ വിശദമായ പരിശോധന വേണ്ടിവരും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹോട്ടലിനു തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്ന കാര്യത്തിൽ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ ഇന്നു തീരുമാനമെടുക്കും. ഹോട്ടല്‍ ഉടമകളെ കമ്മിഷണര്‍ ഇന്നു വിളിപ്പിച്ചിട്ടുണ്ട്.

എന്താണ് മറൈൻ ടോക്സിൻ?

മത്സ്യങ്ങളിലും കക്കവർഗത്തിൽപ്പെട്ട ജീവികളിലും സ്വാഭാവികമായി കാണപ്പെടുന്നതും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നതുമായ വിഷാംശങ്ങളാണ് കടൽ വിഷങ്ങൾ എന്നറിയപ്പെടുന്നത്. ഇവ മത്സ്യങ്ങളിലും കക്കകളിലും മാത്രമല്ല, കടലിലെ സൂക്ഷ്മജീവികളിലും കാണപ്പെടുന്നു. ഇവയെ ഭക്ഷിക്കുന്ന മനുഷ്യരിൽ വിഷബാധയുണ്ടാകാം.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment