തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മലപ്പുറം വണ്ടൂരിലെത്തിയ ശശി തരൂര്‍ എം പിക്കു നേരെ ബൈക്കിലെത്തിയ സംഘത്തിന്റെ കയ്യേറ്റശ്രമം. വണ്ടൂര്‍ചെള്ളിത്തോട് വച്ച് കഴിഞ്ഞ രാത്രിയാണ് സംഭവം. എ പി അനില്‍കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു തരൂര്‍. ഗതാഗതക്കുരുക്കില്‍ പെട്ട സമയത്ത് തരൂരിന്റെ കാര്‍ ഡ്രൈവര്‍ ഹോണടിച്ചത് ബൈക്കിലെത്തിയ സംഘത്തെ പ്രകോപിപ്പിച്ചു. തുടര്‍ന്ന് ഇവര്‍ കാര്‍ തടഞ്ഞുനിര്‍ത്തി ശശി തരൂരിനെ അസഭ്യം വിളിക്കുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. അക്രമികളെ തടയാന്‍ ശ്രമിക്കുന്നതിനിടെ തരൂരിന്റെ ഗണ്‍മാന് മര്‍ദ്ദനമേല്‍ക്കുകയായിരുന്നു.
പരിക്കേറ്റ ഗണ്‍മാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വണ്ടൂര്‍ പൊലീസ് അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു. ഇതില്‍ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രധാന പ്രതിയായ ഉമ്മറിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. അക്രമികള്‍ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. തിരക്കേറിയ റോഡില്‍ ഇത്തരത്തിലൊരു സംഭവം ഉണ്ടായത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്ന് വണ്ടൂര്‍ പൊലീസ് അറിയിച്ചു.
