സംസ്ഥാനതല പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ ബസ് ആണ് കേരളം ചുറ്റുക. പ്രചാരണത്തിന് അധിക നാള് ലഭിക്കാത്തതിന്റെ ക്ഷീണം 14 ജില്ലകളിലും ബസ് എത്തിച്ച് മറികടക്കാൻ കഴിയുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. കോഴിക്കോട് കടപ്പുറത്തെ മഹാറാലിയിലൂടെ യു ഡി എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ഔദ്യോഗികമായി ആരംഭിക്കുന്നതിനൊപ്പം ബസും ഓടിത്തുടങ്ങും.
ബസില്‍ ‘കേരളം ജയിക്കും യു ഡി എഫ് നയിക്കും’ എന്ന യു ഡി എഫ് മുദ്രാവാക്യം പതിച്ചിട്ടുണ്ട്. കോളജ് വിദ്യാർഥിനികള്‍ക്ക് പ്രതിമാസം ആയിരം രൂപ, എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്, സ്ത്രീകള്‍ക്ക് കെ എസ് ആർ ടി സി ബസുകളില്‍ സൗജന്യ യാത്ര, ക്ഷേമപെൻഷനുകള്‍ 3,000 രൂപ ആയി ഉയർത്തും, യുവജനങ്ങള്‍ക്ക് ബിസിനസ് ആരംഭിക്കുന്നതിന് 5 ലക്ഷം രൂപ പലിശരഹിത വായ്പ, മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് എന്നീ ആറു വാഗ്ദാനങ്ങളാണ് ബസിന്റെ വശങ്ങളില് പതിപ്പിച്ചിരിക്കുന്നത്.
‘പുതുയുഗ കേരളത്തിന് ഇന്ദിര ഗ്യാരന്റി’ എന്ന സ്റ്റിക്കർ ബസിന്റെ പിന്നിലും കാണാം. രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, ഇന്ദിര ഗാന്ധി എന്നിവരുടെ ചിത്രങ്ങളാണ് ബസിന്റെ പുറംവശങ്ങളില്‍ ഉള്ളത്. ഇൻഷുറൻസ് സംബന്ധിച്ച എഴുത്തിനൊപ്പം ഉമ്മൻ ചാണ്ടിയുടെ ചിത്രം ഉണ്ട്. മറ്റ് കേരള നേതാക്കളുടെ ചിത്രങ്ങളൊന്നും ബസില്‍ ഇടം നേടിയിട്ടില്ല.
38 സീറ്റുള്ള ബസിന്റെ ആദ്യ യാത്രയില്‍ ആരോഗ്യമേഖലയിലെ താളപ്പിഴകളുടെ ഇരയായ കെ കെ ഹർഷിന ഉള്‍പ്പെടെ സമൂഹത്തിന്റെ ആറു മേഖലകളില്‍ നിന്നുള്ള വ്യക്തികളും യു ഡി എഫ് നേതാക്കളുമാണ് സഞ്ചരിക്കുക. ഫ്ലാഗ് ഓഫിനു ശേഷം ബസ് കേരളത്തില്‍ ഉടനടീളം പോവുകയും ജില്ലകളിലെ പ്രധാന പോയിന്റുകളില്‍ പ്രചാരണ ബോധവത്കരണ പരിപാടികളില്‍ ഉള്‍പ്പെടുത്താനുമാണ് പദ്ധതി.
