ഓർമയിലെ ഇന്ന്

At Malayalam
4 Min Read

സെപ്റ്റംബർ – 23

ചലച്ചിത്ര നടി ശോഭ

ജീവിച്ചിരുന്നുവെങ്കില്‍ മലയാളത്തിലെയും ഇന്ത്യയിലെയും എക്കാലത്തെയും മികച്ച നടിയായി മാറുമായിരുന്ന, ശാലിനി എന്റെ കൂട്ടുകാരി എന്ന ചിത്രത്തിലെ ‘ഹിമശൈല സൈകത ഭൂമിയില്‍ നിന്നൊരു പ്രണയ പ്രവാഹമായ് വന്നൂ….’ എന്ന ഗാനം പാടി അഭിനയിച്ച ശാലിനി എന്ന കൂട്ടുകാരിയെ മറക്കാന്‍ മലയാളിയ്ക്കാവുമോ…?

പുറമേ പുഞ്ചിരിക്കുമ്പോഴും നിഗൂഢതകള്‍ ഉള്ളിലൊളിപ്പിക്കുന്ന ഒരു മുഖമായിരുന്ന… 18 വയസ്സാകും മുമ്പേ ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തിളങ്ങുന്ന നക്ഷത്രമായി മാറിയ ശോഭ അപ്രതീക്ഷിതമായാണ് പൊലിഞ്ഞത്. അന്നുവരെയുള്ള താര സങ്കല്‍പങ്ങളെ മുഴുവന്‍ തകര്‍ത്തെറിഞ്ഞു കൊണ്ടായിരുന്നു മെലിഞ്ഞ് കൊലുന്നനെയുള്ള ശോഭയുടെ അരങ്ങേറ്റം. അഞ്ചാമത്തെ വയസ്സില്‍ ബാലതാരമായി അഭിനയ രംഗത്തെത്തി 17-ാം വയസ്സില്‍ ജീവിതത്തോട് വിട പറഞ്ഞ് സ്വയം മടങ്ങുമ്പോള്‍ മെലിഞ്ഞു കൊലുന്നനെയുള്ള, വിഷാദച്ഛായ പടര്‍ന്ന മുഖമുള്ള ആ പെണ്‍കുട്ടി ഉര്‍വ്വശി ശോഭ എന്ന തിലകം അണിഞ്ഞിരുന്നു.

- Advertisement -

തെന്നിന്ത്യയിലെ ഏതാണ്ട് എല്ലാ ഭാഷകളിലും തന്റെ സാന്നിധ്യം അടയാളപ്പെടുത്തിയിരുന്നു ശോഭ. അഭിനയിച്ച കഥാപാത്രങ്ങളെപ്പോലെ തന്നെ ദുരൂഹമായിരുന്നു ശോഭയുടെ ജീവിതവും മരണവും. കെ പി മേനോന്റെയും ആദ്യകാല മലയാളനടി പ്രേമയുടെയും മകളായി 1962 സെപ്റ്റംബർ 23 ന് ജനിച്ചു. മഹാലക്ഷ്മി എന്നായിരുന്നു യഥാർത്ഥ പേര്.

1966 ഒക്ടോബര്‍ 16 ന് ജെ പി ചന്ദ്രഭാനു സംവിധാനം ചെയ്ത തട്ടുങ്കൾ തിറക്കപ്പടും എന്ന തമിഴ് ചലച്ചിത്രത്തിലെ ബാലതാരമായി അഭിനയം തുടങ്ങി. ബേബി മഹാലക്ഷ്മി എന്ന പേരിലാണ് ആദ്യ ചലച്ചിത്രത്തിൽ അഭിനയിച്ചത്. മലയാളത്തിലെ ആദ്യത്തെ മള്‍ട്ടിസ്റ്റാര്‍ ചിത്രം എന്ന് പറയാവുന്ന, പി വേണുവിന്റെ ‘ഉദ്യോഗസ്ഥ’ യിലൂടെ കെ പി ഉമ്മറിന്‍റെ മകളായി മലയാളത്തില്‍ തുടക്കമിട്ടു. മുതിർന്ന ശേഷം ചലച്ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ടിരുന്നപ്പോഴാണ് ശോഭ എന്ന പേര് സ്വീകരിച്ചത്.

ഉത്രാടരാത്രി എന്ന സിനിമയിലാണ് ശോഭ ആദ്യമായി നായികയായി അഭിനയിച്ചത്. കമലഹാസന്‍, രജനീകാന്ത്, എം ജി സോമന്‍, സുകുമാരന്‍, വേണു നാഗവള്ളി, രതീഷ്, ജോസ്, ശരത് ബാബു, സുമന്‍, പ്രതാപ് പോത്തന്‍, വിജയ കുമാര്‍, വിജയന്‍ മുതലായ തെന്നിന്ത്യയിലെ എല്ലാ നായകന്മാരോടൊപ്പവും ശോഭ അഭിനയിച്ചിട്ടുണ്ട്.

1977ല്‍ ഓര്‍മ്മകള്‍ മരിക്കുമോ എന്ന ചിത്രത്തിലെ അഭിനയത്തിന് രണ്ടാമത്തെ മികച്ച നടിയ്ക്കുള്ള അവാർഡ് നേടിയതോടെ നായികയെന്ന നിലയില്‍ ശോഭയുടെ അഭിനയജീവിതത്തിലെ രണ്ടാം ഘട്ടം ആരംഭിച്ചു. അതേ വര്‍ഷം തന്നെ തെലുങ്കിലും കന്നടയിലും (കോകില) ശ്രദ്ധേയമായ അരങ്ങേറ്റം. 1978 ല്‍ കെ ജി ജോര്‍ജിന്റെ ഉള്‍ക്കടലും മോഹന്റെ രണ്ടു പെണ്‍കുട്ടികളും ഉള്‍പ്പെടെ 12 സിനിമകള്‍ ശോഭയുടെതായി റിലീസ് ആയി. തമിഴില്‍ ദുരൈ തിരക്കഥയെഴുതി സംവിധാനം ചെയ്ത പശി എന്ന ചിത്രത്തിലെ കുപ്പമ്മ എന്ന ചേരിപ്പെണ്‍കുട്ടിയായി അഭിനയിച്ചതോടെ അക്കാലത്തെ മറ്റു നായികമാരെ എല്ലാം മറികടന്ന് 17-ാം വയസ്സിൽ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ശോഭ നേടി എടുത്തു.

ഉള്‍ക്കടലിലെ റീന, ബന്ധനത്തിലെ തങ്കം, എന്‍റെ നീലാകാശത്തിലെ മാലതി, ശാലിനി എന്‍റെ കൂട്ടുകാരിയിലെ ശാലിനി, അഴിയാത്ത കോലങ്ങളിലെ ഇന്ദുമതി, ഉരു വീട് ഒരു ഉലകത്തിലെ ഗൗരി, അടിമകളുടെ തമിഴ് റീമേക്കായ നിഴല്‍ നിജ മാകിറത് എന്ന ചിത്രത്തിലെ പണിക്കാരത്തി പെണ്‍കുട്ടി (മലയാളത്തില്‍ ശാരദ ചെയ്ത വേഷം), ബാലുമഹേന്ദ്രയുടെ മൂടുപനി, അഴിയാത കോലങ്കള്‍ എന്നീ ചിത്രങ്ങളിലും ശോഭ അവിസ്മരണീയമായ അഭിനയമാണ് കാഴ്ചവച്ചത്.

- Advertisement -

1971 ല്‍ കരകാണാക്കടലിലെ അഭിനയത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 1973 ൽ ഉമ്മാച്ചു, അവളല്‍പം വൈകിപ്പോയി, സിന്ദൂരച്ചെപ്പ്, മയിലാടും കുന്ന്, പുത്രകാമേഷ്ടി, ഭദ്രദീപം, ഉദയം, വീണ്ടും പ്രഭാതം എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. 1977 ൽ കന്നടത്തിൽ കോകിലയാണ് ശോഭ നായികയായി പുറത്തിറങ്ങിയ ആദ്യത്തെ ചിത്രം. എന്‍റെ നീലാകാശം എന്ന ചിത്രത്തിലെ അഭിനയത്തിന് ശോഭ 1978 ലെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡിനും അര്‍ഹയായി. രജനികാന്തിന്‍റെ സഹോദരി വള്ളിയായി മുള്ളും മലരും എന്ന ചിത്രത്തില്‍ (1978) അഭിനയിച്ചതോടെയാണ് ശോഭ തമിഴകത്തിന് പ്രിയങ്കരിയായത്.

മനവൂരി പാണ്ഡവലു (1978) എന്നൊരു തെലുങ്ക് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. രണ്ട് പെണ്‍കുട്ടികള്‍, നക്ഷത്രങ്ങളേ സാക്ഷി, ഉത്രാടരാത്രി, യൗവനം ദാഹം, ആദിപാപം, അച്ചാണി (തമിഴ്), ചക്കളത്തി (തമിഴ്), വീട്ടുക്ക് വാസപ്പടി (തമിഴ്), പൊന്നകരം (തമിഴ്), വേലി താണ്ടിയ വെള്ളാട് (തമിഴ്), അന്‍പുള്ള അത്താന്‍ (തമിഴ്) എന്നിവയാണ് ശോഭയുടെ പ്രധാന ചിത്രങ്ങള്‍.

വളരെ പ്രശസ്തിയിൽ നിൽക്കെ തന്നെക്കാൾ ഏറെ മുതിർന്ന, വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായിരുന്ന സംവിധായകൻ ബാലു മഹേന്ദ്രയെയാണ് ശോഭ വിവാഹം ചെയ്തത്. ബാലുവുമായുള്ള ബന്ധത്തിന്റെ പേരില്‍ ശോഭയും അമ്മയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. നിയമപരമായി വിവാഹിതയാകാത്തതിന്റെ അപക്വതയും ഒറ്റപ്പെടലുകളും ആ പെണ്‍കുട്ടിയെ വിഷാദത്തിന്റെ വക്കിലെത്തിച്ചിരുന്നു. അറിയപ്പെടാത്ത ചില കാരണങ്ങളാൽ 17-ാംവയസ്സിൽ 1980 മേയ് 1-ന്
ചെന്നൈയിലെ വസതിയില്‍ ശോഭയെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. കാരണം ഇപ്പോഴും അജ്ഞാതം.

- Advertisement -

കാരണങ്ങള്‍ എന്ത് തന്നെയായിരുന്നാലും മലയാളത്തിനു മാത്രമല്ല, സിനിമാ ലോകത്തിനാകമാനം നഷ്ടമായത് ഒരു മികച്ച നടിയെയായിരുന്നു. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച
ശോഭയുടെ വിയോഗത്തിനിടയാക്കിയ സാഹചര്യത്തെ ആസ്പദമാക്കി സംവിധായകൻ കെ ജി ജോർജ്ജ് ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment