കോൺഗ്രസിന് വൻ തലവേദനയായി കെ സുധാകരൻ

At Malayalam
2 Min Read

സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് നേതൃത്വത്തോട് ഇടഞ്ഞ് നാട്ടിലേക്ക് തിരിച്ച കെ സുധാകരൻ്റെ വീട്ടിലേക്ക് അനുയായികൾ എത്തുന്നു. സുധാകരപക്ഷത്തുള്ള അനുയായികളോട് വീട്ടിലെക്കെത്താൻ ആഹ്വാനം ചെയ്തതിൻ്റെ പശ്ചാത്തലത്തിലാണ് പാർട്ടി പ്രവർത്തകർ എത്തിത്തുടങ്ങിയത് എന്നാണ് വിവരം. ദില്ലിയിലെ യോ​ഗത്തിൽ പങ്കെടുക്കാതെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു കെ സുധാകരൻ. എം പി സ്ഥാനമൊഴിഞ്ഞ് നിയമസഭയിലേക്കു മത്സരിക്കണമെന്നാണ് സുധാകരൻ്റെ ആവശ്യം. എന്നാൽ ഒരാൾക്ക് അനുമതി നൽകിയാൽ മറ്റു അഞ്ച് എം പിമാരും ഇതേ ആവശ്യമുന്നയിച്ച് രം​ഗത്തുണ്ട് എന്നതാണ് നേതൃത്വം നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളി. അതേസമയം, സുധാകരൻ്റെ നീക്കത്തിൽ ഞെട്ടലിലാണ് കോൺ​ഗ്രസ്. മുതിർന്ന നേതാവിൻ്റെ നീക്കത്തിൽ കടുത്ത അതൃപ്തിയിലാണ് എ ഐ സി സി നേതൃത്വം.

സുധാകരൻ പാർട്ടി തീരുമാനത്തിന് വഴങ്ങാത്തതിൻ്റെ അതൃപ്‌തിയിലാണ് നേതൃത്വം. അസമിലെയും കേരളത്തിലെയും സാഹചര്യം താരതമ്യം ചെയ്യരുതെന്നും സുധാകര വിഷയത്തിൽ നേതൃത്വം പറയുന്നു. ഗൗരവ്ഗോഗോയ് എം പിക്ക് നിയമസഭ തെരഞ്ഞെുപ്പിൽ മത്സരിക്കാൻ അനുമതി നൽകിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സുധാകരൻ്റെ ആവശ്യമെന്നാണ് സൂചന. അതിനിടെ, കെ സുധാകരനെ സ്ഥാനാർഥിയായി ഹൈക്കമാന്റ് പ്രഖ്യാപിച്ചാൽ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് കണ്ണൂർ ഡി സി സി പ്രസിഡന്റ്‌ മാർട്ടിൻ ജോർജ് പറഞ്ഞു. കെ സുധാകരൻ കണ്ണൂരിന്റെ ഹൃദയരക്തം തന്നെയാണ്. ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ച് പ്രതികരിക്കാനില്ലെന്നും മാർട്ടിൻ ജോർജ് പറഞ്ഞു. കെ സുധാകരൻ്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിച്ചിട്ടില്ലെന്നും സുധാകരൻ കരുത്തനായ നേതാവ് തന്നെയാണെന്നും സണ്ണി ജോസഫും പറഞ്ഞു. സുധാകരൻ്റെ വീട്ടിൽ എപ്പോഴും ആൾക്കൂട്ടമുണ്ടാകുമെന്നും അതിൽ വലിയ കാര്യമില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു .

അതിനിടെ, ഫേസ്ബുക്കിൽ വൈകാരിക കുറിപ്പുമായി സുധാകരൻ രംഗത്തെത്തി. കണ്ണൂർ എന്നത് തന്റെ ഹൃദയ രക്തമാണെന്നും കണ്ണൂരിലെ കോൺഗ്രസ്സ് എന്നും തന്റെ മേൽവിലാസവുമാണെന്നും സുധാകരൻ പോസ്റ്റിൽ പറയുന്നു. കല്ലിൽ നിന്നും കത്തിയിൽ നിന്നും അരിവാളിൽ നിന്നും ബോംബിൽ നിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ സംരക്ഷിക്കുന്നതുപോലെ താൻ മുന്നിൽ നിന്ന് പൊരുതി സംരക്ഷിച്ച തന്റെ സഹോദരരെ കമ്മ്യൂണിസ്റ്റു കാപാലികർ ഉപദ്രവിക്കുന്നത് കണ്ടു നില്ക്കാൻ തനിക്കൊരിക്കലും സാധിക്കില്ലെന്ന് അദ്ദേഹം പോസ്റ്റിൽ പറയുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾ നിലനിൽക്കുമ്പോൾ അത്തരം വിഷയങ്ങൾ ഒന്നും സ്പർശിക്കാതെ അതിവൈകാരികമായാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment