ഒളിമ്പിക്സിൽ നിന്ന് അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ ഗുസ്തി താരം വിനേഷ് ഫോഗട്ട് സമൂഹ മാധ്യമത്തിലൂടെ വിരമിക്കൽ പ്രഖ്യാപിച്ചു . “ഗുസ്തി എന്നെ തോൽപ്പിച്ചു, ഞാൻ തോറ്റു,” ഫോഗട്ട് എക്സിൽ കുറിച്ചു.
2024 പാരീസ് ഒളിമ്പിക്സിലെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഫൈനലിൽ നിന്ന് ഫോഗട്ട് അയോഗ്യയാക്കപ്പെടുകയായിരുന്നു. ഒളിമ്പിക്സിൽ ഗുസ്തി ഇനത്തിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതയായി ഫോഗട്ട് ചരിത്രമെഴുതി. ക്യൂബയുടെ യൂസ്നെലിസ് ഗുസ്മാൻ ലോപ്പസിനെതിരെ 5-0 ന് ആധിപത്യം നേടിയാണ് ഫൈനലിൽ ഫോഗട്ട് സ്ഥാനം ഉറപ്പിച്ചത്. ഫൈനൽ ദിവസം തൂക്കം നോക്കുമ്പോൾ അനുവദനീയമായ പരിധിയിൽ നിന്നും 100 ഗ്രാം കൂടിയതിനാലായിരുന്നു അയോഗ്യത കല്പിക്കൽ.
തൻ്റെ ധൈര്യം തകർന്നുവെന്നും, ഇനി തുടരാനാകില്ലെന്നും പറഞ്ഞ വിനേഷ് 2001 മുതൽ 2024 വരെ നീണ്ടുനിന്ന ഒരു മഹത്തായ കരിയറിന് വിരാമമിട്ടു. തൻ്റെ ഒളിമ്പിക് അയോഗ്യതയ്ക്കെതിരെ ഫോഗട്ട് കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സിൽ (സിഎഎസ്) അപ്പീൽ നൽകി. തനിക്ക് വെള്ളി മെഡൽ നൽകണമെന്ന് അവർ അഭ്യർത്ഥിച്ചു. അപ്പീൽ അംഗീകരിച്ച സിഎഎസ് അന്തിമ വിധി വ്യാഴാഴ്ച രാവിലെ പതിനൊന്നരയ്ക്ക് പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
