തിരുവനന്തപുരം സെന്‍ട്രൽ സീറ്റിനെ ചൊല്ലി കോൺഗ്രസിൽ പിടിവലി. ഘടകകക്ഷിയായ സി എം പിക്ക് സെന്‍ട്രൽ സീറ്റ് നൽകുന്നതിനെതിരെ കോൺഗ്രസിലെ ഒരുകൂട്ടം ആളുകൾ രംഗത്ത്. സി എം പിയുടെ സി പി ജോണിനെ തിരുവനന്തപുരം സെന്‍ട്രൽ മണ്ഡലത്തിൽ മത്സരിപ്പിക്കുന്നതിനെതിരെയാണ് കോൺഗ്രസിൽ പടയൊരുക്കം നടക്കുന്നത്. സി പി ജോണിനെ മത്സരിപ്പിക്കുകയാണെങ്കിൽ തങ്ങൾ രാജി വെക്കുമെന്ന് പ്രഖ്യാപിച്ച് പത്തോളം ഡി സി സി ഭാരവാഹികള്‍ രംഗത്തെത്തി. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് ഭാരവാഹികൾ കോണ്‍ഗ്രസ് നേതൃത്വത്തിന് കത്തയച്ചു.
തിരുവനന്തപുരം സെന്‍ട്രൽ സീറ്റ് സി എം പിക്ക് നൽകരുതെന്നാണ് ആവശ്യം. സി പി ജോണിനെ മത്സരിപ്പിച്ചാൽ കൂട്ട രാജി ഉണ്ടാകുമെന്നും അവർ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സീറ്റ് ഘടകകക്ഷിക്ക് നൽകിയാൽ നേമം ആവര്‍ത്തിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. ഘടകകക്ഷി മത്സരിച്ചാൽ അതിന്റെ നേട്ടം ബി ജെ പിക്കായിരിക്കുമെന്നും നേതൃത്വത്തിന് അയച്ച കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. സീറ്റ് സി എം പിക്ക് നൽകരുതെന്നാണ് 12 മണ്ഡലം പ്രസിഡന്റുമാരുടെയും ആവശ്യം.
വി ഡി സതീശന്റെ പുതുയുഗയാത്രയുടെ പര്യടനം പൂര്‍ത്തിയായതോടെ സീറ്റ് വിഭജന ചര്‍ച്ച വീണ്ടും യു ഡി എഫ് തുടങ്ങാനിരിക്കെയാണ് തിരുവനന്തപുരം സെന്‍ട്രൽ സീറ്റിനെ ചൊല്ലി തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. സി പി ജോണിന് തിരുവനന്തപുരം സെന്‍ട്രലാണോ തിരുവമ്പാടിയാണോയെന്ന് യു ഡി എഫിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. തിരുവനന്തപുരം സെന്‍ട്രൽ അടക്കം പരിഗണനയിലിരിക്കെയാണ് സീറ്റ് വിഭജന ചര്‍ച്ചക്കിടെ ഡി സി സി ഭാരവാഹികള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, മുസ്ലീം ലീഗിന് കഴിഞ്ഞ തവണത്തേതു പോലെ 27 സീറ്റെന്നത് നിലവിലെ ധാരണ.
അതേസമയം, പരസ്പ്പരം വെച്ചുമാറേണ്ട സീറ്റുകളുടെ കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. ലീഗ് തിരുവമ്പാടി നൽകാൻ തയ്യാറാണ്. എന്നാൽ പകരം ഏതു സീറ്റ് നൽകുമെന്നതിൽ തീരുമാനമായിട്ടില്ല. പട്ടാമ്പിയാണ് നിലവിൽ പരിഗണനയിലുള്ളത്. പുനലൂരും ചടയമംഗലവും ലീഗും കോണ്‍ഗ്രസും വെച്ചുമാറാമെന്ന ചർച്ചയിലും തീരുമാനമായിട്ടില്ല. മട്ടന്നൂര്‍ സീറ്റ് വേണ്ടെന്ന് പറഞ്ഞ ആര് എസ് പി അഞ്ചാം സീറ്റായി കാഞ്ഞങ്ങാട് ആവശ്യപ്പെടുന്നുണ്ട്. മൂന്നു സീറ്റെങ്കിലും ഏറ്റെടുക്കാനുള്ള നീക്കത്തിന് വഴങ്ങാത്തതുകൊണ്ടുതന്നെ കേരള കോണ്‍ഗ്രസിനോടുള്ള സീറ്റ് വിഭജന ചര്‍ച്ച അവസാനമേ നടക്കൂ.
