നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന മുന്‍ തീരുമാനം തിരുത്തി മുന്‍ ഡി ജി പി ആര് ശ്രീലേഖ. ഇനി കേരളം ബി ജെ പി ഭരിക്കണം, എങ്കില്‍ മാത്രമേ ജനങ്ങള്‍ക്ക് പൂര്‍ണ്ണമായി നീതി ലഭിക്കൂ എന്ന തലക്കെട്ടോടെ പങ്കുവെച്ച വീഡിയോയിലാണ് താന്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് സജീവമായി ഇറങ്ങുകയാണെന്ന സൂചന ശ്രീലേഖ നല്‍കിയത്.
നേരത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നായിരുന്നു ശ്രീലേഖയുടെ നിലപാട്. എന്നാല്‍ ഇപ്പോഴത്തെ സംഭവവികാസങ്ങളും പിന്തുണയ്ക്കുന്നവരുടെ അഭ്യര്‍ത്ഥനയും പരിഗണിച്ച് ബി ജെ പി നേതൃത്വം ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് അവര്‍ വ്യക്തമാക്കി. വിരമിച്ച ഒരു ഡി ജി പിയോട് പോലും പൊലീസ് ഇത്തരത്തിലാണ് പെരുമാറുന്നതെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്നാണ് ശ്രീലേഖ ചോദിക്കുന്നത്.
ഇരയുടെ പേര് വെളിപ്പെടുത്തി എന്നാരോപിച്ച് തനിക്കെതിരെ പോക്സോ കേസെടുത്തതില്‍ ശ്രീലേഖ കടുത്ത അതൃപ്തി രേഖപ്പെടുത്തി. പത്തു വര്‍ഷം മുമ്പുള്ള വ്ളോഗിന്റെയും 2020 ലെ വിഡിയോയുടെയും പേരില്‍ ഇപ്പോള്‍ കേസെടുത്തത് മനഃപൂര്‍വം വ്യക്തിഹത്യ ചെയ്യാനാണെന്ന് അവര്‍ ആരോപിക്കുന്നു.
മൂന്നു വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളില്‍ ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 514 പ്രകാരം മൂന്നു വര്‍ഷത്തിനകം കേസെടുക്കണമെന്ന നിയമം നിലവിലുണ്ട്. കാലപ്പഴക്കം ചെന്ന ഈ വിഷയത്തില്‍ തന്നോട് വിശദീകരണം പോലും ചോദിക്കാതെ എഫ് ഐ ആര് ഇട്ടത് ചട്ടവിരുദ്ധമാണെന്നും ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അവര്‍ പറഞ്ഞു.
