ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതോടെ രാജ്യത്തിന്റെ അടുത്ത പരമോന്നത നേതാവ് ആരാകുമെന്നാണ് പുതിയ ചോദ്യം. പരമോന്നത നേതാവ് അന്തരിച്ചാൽ അധികാരം കൈമാറുന്നതിന് ഇറാനിയൻ ഭരണഘടനയിൽ വ്യക്തമാക്കിയിട്ടുള്ള നടപടിക്രമങ്ങൾ പ്രകാരം ഇറാനിയൻ പ്രസിഡന്റ്, ജുഡീഷ്യറി തലവൻ, ഗാർഡിയൻ കൗൺസിലിൽ നിന്നുള്ള ഒരു പുരോഹിതൻ എന്നിവരടങ്ങുന്ന മൂന്നംഗ സമിതി രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കും. നിലവിൽ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയായ അലി ലാരിജാനിക്ക് കൂടുതൽ അധികാരങ്ങൾ നൽകിയതായി ചില രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാനുള്ള പൂർണ അധികാരം 88 അംഗങ്ങളുള്ള അസംബ്ലി ഓഫ് എക്സ്പെർട്സിനാണ്. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട മതപണ്ഡിതന്മാരാണ് ഈ സഭയിലുള്ളത്. നേതാവ് അന്തരിച്ചാൽ ഇവർ അടിയന്തരമായി യോഗം ചേരും. അസംബ്ലി ഓഫ് എക്സ്പെർട്സ് പരിഗണിക്കുന്ന വ്യക്തിക്ക് മികച്ച ഇസ്‌ലാമിക പാണ്ഡിത്യം, നീതിബോധവും ഭക്തിയും ശരിയായ രാഷ്ട്രീയ – സാമൂഹിക കാഴ്ചപ്പാട്, ധൈര്യം, ഭരണനിപുണത എന്നിവയുണ്ടായിരിക്കണം. അസംബ്ലി അംഗങ്ങളിൽ ഭൂരിപക്ഷവും ഒരാളെ പിന്തുണച്ചാൽ അദ്ദേഹത്തെ പുതിയ പരമോന്നത നേതാവായി പ്രഖ്യാപിക്കും. അതുവരെ താൽക്കാലിക സമിതി ഭരണപരമായ തീരുമാനങ്ങൾ എടുക്കും.
ആയത്തുല്ല അലി ഖമനയിയുടെ മകൾ, മരുമകൻ, ചെറുമകൻ എന്നിവർ ഒരു ആക്രമണത്തിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഖമനയിയും കൊല്ലപ്പെട്ടുവെന്ന് ട്രംപ് അവകാശപ്പെട്ടതിന് പിന്നാലെയാണ് ഈ പുതിയ റിപ്പോർട്ട് വന്നത്. നേരത്തെ, ഈ അവകാശവാദങ്ങൾ വെറും മനശാസ്ത്രപരമായ യുദ്ധം മാത്രമാണെന്ന് പറഞ്ഞ് ഇറാനിയൻ ഉദ്യോഗസ്ഥർ തള്ളിക്കളഞ്ഞിരുന്നു. ഇറാൻ പരമോന്നത നേതാവിന്റെ മരണത്തെക്കുറിച്ചുള്ള വിവരങ്ങൾ ഡോണൾഡ് ട്രംപിനു ലഭിച്ചത് ഇസ്രയേലിൽ നിന്നാണെന്നാണ് സൂചന. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളോ പെന്റഗണോ ഇത്തരമൊരു വിവരം പ്രസിഡന്റിനു കൈമാറിയതായി ഇതുവരെ സൂചനയില്ല. ഇസ്രയേൽ അധികൃതർ നേരത്തെ തന്നെ ഈ അവകാശവാദം ഉന്നയിച്ചിരുന്നതിനാൽ, ട്രംപ് ഈ വിവരം ഇസ്രയേൽ സ്രോതസുകളിൽ നിന്ന് സ്വീകരിച്ചതാകാമെന്നാണ് കരുതപ്പെടുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും ഉറപ്പോടെ അദ്ദേഹം ഈ പ്രസ്താവന നടത്തിയത് എന്ന ചോദ്യം ഇപ്പോൾ ശക്തമാണ്. നേരത്തെ മാധ്യമ അഭിമുഖങ്ങളിൽ ഇതേ കാര്യം സൂചിപ്പിച്ചിരുന്നെങ്കിലും, പിന്നീട് തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ തയാറാക്കിയ കുറിപ്പിലൂടെയാണ് അദ്ദേഹം ഇത് പുറത്തുവിട്ടത്.
